കാസർകോട് : പെരിയ നവോദയ വിദ്യാലയത്തിൽ ജീവനക്കാരിക്കും അഞ്ചു വിദ്യാർത്ഥികൾക്കും എച്ച് 1 എൻ 1 (പന്നിപ്പനി) സ്ഥിരീകരിച്ചു. രണ്ടു പേരെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ വിദ്യാലയത്തിൽ സൗകര്യമൊരുക്കിയുമാണ് ചികിത്സിക്കുന്നത്. റസിഡൻഷ്യൽ സ്‌കൂൾ ആയതിനാൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം വാർഡുണ്ടാക്കിയാണ് ചികിത്സ. നാലു പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
16 നാണ് കുട്ടികളിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത്. മണിപ്പാൽ മെഡിക്കൽ കോളേജിലെ രക്ത പരിശോധനയ്ക്ക് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. സ്‌കൂളിലെ 72 കുട്ടികൾക്കും പനി പിടിപെട്ടിട്ടുണ്ട്. ഇവരിൽ പലർക്കും രോഗലക്ഷണമുണ്ടെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. കുട്ടികളെ തത്കാലം വീട്ടിലേക്ക് വിടേണ്ടെന്നും ഹോസ്റ്റലിൽ തന്നെ ചികിത്സ തുടരണമെന്നുമാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം. കുട്ടികൾ വീടുകളിലേക്ക് പോയാൽ അവിടെയുള്ളവർക്കും രോഗം പടരുമെന്നതിനാലാണിത്. രോഗം ഗുരുതരമല്ലെന്നും നിയന്ത്രണ വിധേയമാക്കാനാകുമെന്നും കുട്ടികളെ പരിശോധിച്ച ഡോ. നിധീഷ് പറഞ്ഞു. 520 കുട്ടികളും 200 ജീവനക്കാരുമാണ് സ്‌കൂളിലുള്ളത്.
രോഗബാധയെ തുടർന്ന് നവോദയ വിദ്യാലയത്തിലെ കായികമത്സരമുൾപ്പെടെയുള്ള വിനോദ പരിപാടികൾ മാറ്റിവച്ചു. എന്നാൽ ക്ലാസുകൾ കൃത്യമായി നടത്തുന്നുണ്ട്.
കെ. കുഞ്ഞിരാമൻ എം.എൽ.എ, കളക്ടർ ഡോ. സജിത് ബാബു, ഡി.എം.ഒ ഡോ. എ.പി. ദിനേശ്കുമാർ എന്നിവർ വിദ്യാലയത്തിലെത്തി ആവശ്യമായ നടപടി സ്വീകരിച്ചു.