kanichukulangara

ചേർത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന പിൽഗ്രിം ടൂറിസം ഫെസിലി​റ്റേഷൻ സെന്ററിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 9ന് മുഖ്യമന്ത്റി പിണറായി വിജയൻ നിർവഹിക്കും. മന്ത്റി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവർ മുഖ്യാതിഥികളാകും. കെ.സി. വേണുഗോപാൽ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കളക്ടർ എസ്. സുഹാസ്, വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോർജ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ്‌കുമാർ, കെ.ടി. മാത്യു, പി. പ്രകാശൻ, എൻ. ഷൈലജ, പി.കെ. ധനേശൻ എന്നിവർ സംസാരിക്കും. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ സ്വാഗതവും ടൂറിസം ഡയറക്ടർ പി. ബാലകിരൺ നന്ദിയും പറയും.

നാലു കോടി രൂപ ചെലവഴിച്ച് ക്ഷേത്രത്തിന് പടിഞ്ഞാറ് മൂലസ്ഥാനത്തിന് സമീപം ദേവസ്വം വക സ്ഥലത്താണ് അത്യാധുനിക സംവിധാനങ്ങളോടെ മൂന്നുനില കെട്ടിടം നിർമ്മിക്കുന്നത്. 33 താമസ മുറികളും നാല് കടമുറികളും കെട്ടിടത്തിലുണ്ടാവും. ആദ്യഘട്ടത്തിൽ രണ്ട് നിലകളിലായി 21 മുറികൾ പൂർത്തിയാക്കും. ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തുന്ന ചിക്കരക്കുട്ടികൾക്ക് ഇവിടെ താമസ സൗകര്യം ഒരുക്കും. പ്രളയകാലത്ത് കിടപ്പാടം നഷ്ടപ്പെട്ട കുട്ടനാട്ടുകാരായ പതിനായിരങ്ങൾക്ക് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ മുൻകൈയെടുത്ത് ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് സംസ്ഥാനത്തുടനീളം ശ്രദ്ധിക്കപ്പെടുകയും പ്രശംസ നേടുകയും ചെയ്തിരുന്നു. കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമായിരുന്നെന്ന സർക്കാരിന്റെ വിലയിരുത്തലാണ് പദ്ധതി ഇവിടെ നടപ്പാക്കാൻ പ്രേരിപ്പിച്ചത്.