ചെന്നൈ: ചെന്നൈ നഗരത്തിന് സമീപം പൊരൂരിൽ പാർക്കിംഗ് ഏരിയയിലുണ്ടായ വൻതീപിടിത്തത്തിൽ നൂറിലേറെ കാറുകൾ കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഉണങ്ങിയ പുല്ലുകളിൽ നിന്ന് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. മുന്നൂറോളം കാറുകൾ പാർക്കിംഗ് ഏരിയയിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ബംഗലുരു യെലഹങ്ക വ്യോമസേന വിമാനത്താവളത്തിൽ എയർഷോയ്ക്കിടെ പാക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിലും നിരവധി കാറുകൾ കത്തിനശിച്ചിരുന്നു.
പൊരൂർ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഒരു സ്വകാര്യ കമ്പനിയുടെ പാർക്കിംഗ് സ്ഥലമാണിതെന്ന് ഫയർഫോഴ്സ് അറിയിച്ചു. നിലവിൽ തീ അണച്ചിട്ടുണ്ടെങ്കിലും സമീപപ്രദേശങ്ങൾ കനത്ത പുകയിൽ മുങ്ങിയിരിക്കുകയാണ്.