ന്യൂഡൽഹി: രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലും കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്ന വീടുകൾക്കും ഫ്ലാറ്റുകൾക്കും ജി.എസ്.ടിയിൽ ഇളവ്. ചിലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിനുള്ള ജി.എസ്.ടി നിരക്ക് ഒരു ശതമാനമായി കുറച്ചു. ജി.എസ്.ടി കൗൺസിലിന്റെതാണ് തീരുമാനം. 45 ലക്ഷത്തിന് താഴെ വരുന്ന വീട് നിർമ്മാണത്തിനാണ് ജി.എസ്.ടിയുടെ ഇളവ് ലഭിക്കുക. പുതിയ നിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
45 ലക്ഷം രൂപയിൽ കൂടുതലുള്ള വീട് നിർമ്മാണത്തിൽ 5 ശതമാനമാണ് ജി.എസ്.ടിയുള്ള നിരക്ക്. നഗര മേഖലയിൽ 60 ചതുരശ്ര മീറ്ററും നഗരങ്ങൾക്ക് പുറത്ത് 90 ചതുരശ്ര മീറ്ററും വിസ്തീർണമുള്ള വീടുകൾക്കാണ് ചിലവ് കുറഞ്ഞ ഗണത്തിൽപെട്ട വീടുകൾക്കുള്ള ജി എസ് ടി നിരക്കിലെ ഇളവ് ലഭിക്കുക. എന്നാൽ ലോട്ടറി നിരക്ക് ഏകീകരിക്കുന്നതിന്റെ കാര്യത്തിൽ തീരുമാനമായില്ല. കേരളത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് തീരുമാനമാവാത്തത്. തുടർന്ന് ലോട്ടറി നികുതി ഘടന പരിഷ്കാരം മന്ത്രിതല സമിതിക്ക് വിട്ടു.
പുതിയ നിരക്ക് രാജ്യത്തെ മദ്ധ്യവർഗ വിഭാഗത്തിന് ആശ്വാസമാകും. നികുതി ഇളവുകൾ സംബന്ധിച്ച് മന്ത്രിതല സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു.