job

മുംബയ്: സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച്,​ തൊഴിൽ നിയമനങ്ങൾ കുറയ്‌ക്കാൻ രാജ്യത്തെ ബാങ്കുകൾ തയ്യാറെടുക്കുന്നു. വിരമിക്കുന്ന ജീവനക്കാർക്ക് പകരമായി 75 ശതമാനം നിയമനം മാത്രം നടത്താനുള്ള തീരുമാനം എസ്.ബി.ഐ എടുത്തുവെന്നാണ് സൂചന. ഓട്ടോമേഷന്റെ ഭാഗമായി,​ പ്രമുഖ വിദേശ ബാങ്കായ എച്ച്.എസ്.ബി.സി ഇന്ത്യയിലെ സാന്നിദ്ധ്യം പകുതിയാക്കാൻ തീരുമാനിച്ചിരുന്നു. മറ്രൊരു വിദേശ ബാങ്കായ സ്‌‌റ്രാൻഡേർഡ് ചാർട്ടേഡ് 200 ജീവനക്കാരെ പുറത്താക്കുകയും ചെയ്‌തിരുന്നു.

എസ്.ബി.ഐയിൽ നിന്ന് പ്രതിവർഷം ശരാശരി 12,​000 പേർ വിരമിക്കുന്നുണ്ട്. 10,​000 പേരെ മാത്രം പുതുതായി നിയമിക്കാനാണ് ബാങ്കിന്റെ തീരുമാനം. പുതിയ നിമയനങ്ങളിൽ 8,​000 ക്ളർക്ക് തസ്‌തികയിലും 2,​000 ഓഫീസർ തസ്‌തികയിലുമാണ്. എം.ബി.എ അല്ലെങ്കിൽ എൻജിനിയറിംഗ് ബിരുദധാരികളാണ് കൂടുതലായും എസ്.ബി.ഐയിൽ ജോലി നേടുന്നത്. പുതിയ നിയമനങ്ങൾ കുറയ്ക്കാനുള്ള എസ്.ബി.ഐയുടെ തീരുമാനം വൈകാതെ കൂടുതൽ ബാങ്കുകളും ഏറ്റുപിടിക്കുമെന്നാണ് അറിയുന്നത്.

ഒഴിവ് 8,​000;

അപേക്ഷകൾ 28 ലക്ഷം

പുതിയ നിയമനങ്ങൾ കുറയ്‌ക്കാൻ ബാങ്കുകൾ മത്സരിക്കുകയാണെങ്കിലും അപേക്ഷരുടെ എണ്ണത്തിൽ കുറവില്ലെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 8,​000 ക്ലർക്ക് തസ്‌തികകളിലേക്കായി എസ്.ബി.ഐയ്ക്ക് ലഭിച്ച അപേക്ഷകൾ 28 ലക്ഷമാണ്. റെയിൽവേയിലും സമാന സംഭവമുണ്ട്. കഴിഞ്ഞവർഷം 90,​000 തസ്‌തികളിലേക്കായി റെയിൽവേക്ക് ലഭിച്ച അപേക്ഷകൾ 2.30 കോടിയാണ്.