ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിൽ മൂന്ന് ഭീകരരെ സുരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കാശ്മീർ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് അമൻ താക്കൂറാണ് കൊല്ലപ്പെട്ടത്. ഒരു മേജറിനടക്കം മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണു സുരക്ഷാസേന സ്ഥലത്തെത്തിയത്.
34 രാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ജമ്മുകാശ്മീർ പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ഇവർ തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്. നാല് ഭീകരർ ഒരു വീടിനുള്ളിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം.
ജാർഖണ്ഡിലെ ഡോഡ സ്വദേശിയായ അമൻ 2011 ബാച്ച് കാശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനാണ്. കുൽഗാമിലെ കൗണ്ടർ ടെററിസം വിംഗിൽ ഡെപ്യൂട്ടി സൂപ്രണ്ടായ അമൻ കഴിഞ്ഞ ഒന്നര വർഷത്തിനിടെ നിരവധി ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സരളാദേവിയാണ് ഭാര്യ. ആറുവയസുകാരിയായ ഒരു മകളുമുണ്ട്.
കാശ്മീരിൽ പ്രതിഷേധം
വിഘടനവാദി നേതാക്കളെയും പ്രവർത്തകരെയും ജയിലിലടച്ചതിൽ കാശ്മീരിൽ പ്രതിഷേധം ശക്തമാണ്. പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ ഇന്ന് സേനാവിഭാഗങ്ങളുടെ തലവന്മാരുമായി സ്ഥിതിഗതികൾ വിലയിരുത്തും. അതേസമയം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്ന് ജമ്മു കാശ്മീർ രാജ്ഭവൻ അറിയിച്ചു.
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദത്തിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമാണ്.