കോഴിക്കോട് : ശബരിമല കേസിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം ആചാരങ്ങൾ സംരക്ഷിക്കുന്നതായിരുന്നെന്ന് ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു. ഭാസ്‌കർ റാവുജി സ്മാരക സമിതി സംഘടിപ്പിച്ച കേരള നവോത്ഥാനം ചരിത്രവും വർത്തമാനവും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു യു.ഡി.എഫ് സർക്കാരിന്റെ നിലപാട്. എന്നാൽ എൽ.ഡി.എഫ് സർക്കാർ ശബരിമല ആചാരത്തെ ലിംഗസമത്വ പ്രശ്‌നമാക്കി മാറ്റി. സി.പി.എം ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിച്ചതിനെതിരെയാണ് ബി.ജെ.പി സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാസ്‌കർ റാവുജി സ്മാരക സമിതി ട്രസ്റ്റി കെ.ആർ. ഉമാകാന്തൻ അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി മാനേജിംഗ് ഡയറക്ടർ എം. രാധാകൃഷ്ണൻ, ഐ.സി.എച്ച്.ആർ അംഗം ഡോ. സി.ഐ. ഐസക്, കാ.ഭാ. സുരേന്ദ്രൻ, പി. ബാലഗോപാലൻ, ടി. സുധീഷ് തുടങ്ങിയവർ സംസാരിച്ചു.