ബാഴ്‌സലോണ: ചൈനീസ് കമ്പനിയായ ഷവോമി 5ജി സാങ്കേതികവിദ്യയോട് കൂടിയ സ്‌മാർട്‌ഫോൺ അവതരിപ്പിച്ചു. ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ്, 680 ഡോളർ (ഏകദേശം 48,000 രൂപ) വിലവരുന്ന ' മി മിക്‌സ് 3" ഫോൺ ഷവോമി പരിചയപ്പെടുത്തിയത്. ഫോൺ വൈകാതെ വില്‌പനയ്ക്ക് എത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗ് കഴിഞ്ഞവാരം 5ജി ഫോൺ അവതരിപ്പിച്ചിരുന്നു. ഉടൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിന് 1,980 ഡോളർ (ഏകദേശം 1.40 ലക്ഷം രൂപ) മുതലാണ് വില. നിലവിൽ, ആഗോള സ്‌മാർട്‌ഫോൺ വിപണിയിൽ ഒന്നാംസ്ഥാനത്താണ് സാംസംഗ്. ഹുവാവേ, ആപ്പിൾ, ഷവോമി എന്നിവയാണ് യഥാക്രമം പിന്നാലെയുള്ളത്. സാംസംഗിന്റെ 5ജി ഫോണിനേക്കാൾ വില ഏറെക്കുറവാണെന്നത് നേട്ടമാകുമെന്നാണ് ഷവോമിയുടെ പ്രതീക്ഷ.