arunachal-pradesh-

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സർക്കാരിനെതിരായി നടക്കുന്ന പ്രക്ഷോഭം ശക്തമായി.വിവിധ സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ ബന്ദിന് ശേഷവും സംസ്ഥാനത്ത് അക്രമം തുടരുകയാണ്. സമരക്കാർ ഉപമുഖ്യമന്ത്രി ചൗന മെയ്ന്റെ വീടിന് തീയിട്ടു. ഉപമുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ നിറുത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തിക്കുകയും ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസ് ആക്രമിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ചില ഗോത്രവിഭാഗങ്ങളെ സംസ്ഥാനത്ത് സ്ഥിരതാമസക്കാരായി പരിഗണിക്കാനുള്ള സർക്കാർ‌ തീരുമാനത്തിനെതിരെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വസതിക്കു മുന്നിൽ സമരക്കാർ തടിച്ചുകൂടുകയും ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് വെടിയുതിർത്തതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഉച്ചയ്ക്കു ശേഷമാണ് ഉപമുഖ്യമന്ത്രി ചൗന മെയ്‌ന്റെ വസതിക്കു നേരെ ആക്രമണം നടന്നത്.

കഴിഞ്ഞ ദിവസം സമരാനുകൂലികൾ 50 കാറുകൾ തീവച്ച് നശിപ്പിക്കുകയും നൂറിലേറെ വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ അഞ്ചു തിയേറ്ററുകൾ കത്തിക്കുകയും ചലച്ചിത്ര മേളയ്ക്കെത്തിയ സംഗീത ഗ്രൂപ്പിനെ അക്രമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഇറ്റാനഗറിൽ നടത്താനിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള സംഘാടകർ റദ്ദാക്കി.