bishop

കൊല്ലം: പ്രാർത്ഥനാനിർഭരമായ ചടങ്ങിൽ കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ ബിഷപ് ഡോ. ജെറോം എം. ഫെർണാണ്ടസിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തി. ഇന്നലെ വൈകിട്ട് തങ്കശ്ശേരി കത്തീഡ്രലിലായിരുന്നു ചടങ്ങുകൾ. ചടങ്ങിന്റെ ഭാഗമായ കൃതജ്ഞതാബലി മദ്ധ്യേ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ജെറോം പിതാവിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം വായിച്ചു.

തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ ഡോ. എം. സൂസപാക്യം കൃതജ്ഞതാബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വചനപ്രഘോഷണം നടത്തി. കൊല്ലം രൂപത മുൻ മെത്രാൻ ഡോ. സ്റ്റാൻലി റോമൻ ആമുഖ പ്രഭാഷണം നടത്തി. ദൈവദാസ പ്രഖ്യാപനത്തിനു ശേഷം ബിഷപ് ജെറോമിന്റെ ഛായചിത്രം അനാവരണം ചെയ്തു. വിശ്വാസികളുടെ പ്രാർത്ഥനയ്ക്കുശേഷം രൂപതയിലെ സന്യസ്ത പ്രതിനിധികളും ജെറോം പിതാവിന്റെ കുടുംബാംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും കാഴ്ചയർപ്പണത്തിൽ പങ്കുചേർന്നു. സമാപന ആശീർവാദത്തിനു ശേഷം കബറിടത്തിലേക്ക് പ്രദക്ഷിണം നടത്തി. സി.ബി.സി.ഐ വൈസ് പ്രസിഡന്റ് ബിഷപ് ജോഷ്വ മാർ ഇഗ്‌നാത്തിയോസ് ധൂപാർച്ചനയും പ്രാർത്ഥനയും നടത്തി. വിൻസന്റ് ഡി. പോൾ നാഷണൽ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസ് സ്വാഗതവും കത്തീഡ്രൽ വികാരി ഫാ. റൊമാൻസ് ആന്റണി നന്ദിയും പറഞ്ഞു. ബിഷപ്പുമാരായ വിൻസന്റ് സാമുവേൽ, സെൽവിസ്റ്റർ പൊന്നുമുത്തൻ, സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ജോഷ്വ മാർ ഇഗ്‌നാത്തിയൂസ്, സാമുവേൽ ഐറേനിയോസ് എന്നിവർ പങ്കെടുത്തു.

വിശുദ്ധനായി പ്രഖ്യാപിക്കുന്ന നടപടികളുടെ ആദ്യഘട്ടമാണ് ദൈവദാസ പദവി. ദൈവദാസ പദവി പ്രഖ്യാപനത്തിനു മുന്നോടിയായി ബിഷപ് ജെറോം ജനിച്ച കോയിവിളയിൽ നിന്ന് തങ്കശ്ശേരിയിലെ കബറിടത്തിലേക്ക് കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി. 1937 സെപ്തംബർ 28ന് 36-ാം വയസിലാണ് ജെറോം ബിഷപ്പായത്. 1992 ഫെബ്രുവരി 26നു കാലം ചെയ്തു. കൊല്ലം രൂപതയിൽ നിന്ന് ദൈവദാസ പദവിയിലെത്തുന്ന രണ്ടാമത്തെ ബിഷപ്പാണ് ഡോ. ജെറോം. നേരത്തേ ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തിയിരുന്നു.