ധാക്ക: ബംഗ്ലാദേശിൽ ധാക്കയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ബംഗ്ലാദേശ് എയർലൈൻസ് വിമാനം റാഞ്ചാൻ ശ്രമം. തുടർന്ന് വിമാനം ചിറ്രഗോങ്ങിലെ ഷാ അമാനത് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ധാക്കയിൽ നിന്ന് ചിറ്റഗോങ് വഴി ദുബായിലേക്ക് പുറപ്പെട്ട ബി.ജി.147 എന്ന വിമാനമാണ് റാഞ്ചാൻ ശ്രമം നടന്നത്.
വിമാനം റാഞ്ചിയെന്ന് വിവരം കോക്പിറ്റിൽ നിന്ന് ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. പിന്നീട് വിമാനത്തിന്റെ കോക്പിറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച തോക്കുധാരികളെ സുരക്ഷാ സേന വിദഗ്ദമായി പരാജയപ്പെടുത്തുകയായിരുന്നു. തുടർന്ന് ദ്രുത കർമ്മ സേന വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാനത്തിൽ നിന്ന് യാത്രക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും ചെയ്തു.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. എന്നാൽ വിമാനത്തിനുള്ളിൽ രണ്ട് തോക്കുധാരികൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ വിമാനം റാഞ്ചാൻ ശ്രമിച്ചതിന് പിന്നിൽ ആരാണെന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.