kannanthanam-sunilkumar

തിരുവനന്തപുരം: കർഷകരുടെ അക്കൗണ്ടിൽ പണമെത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയായ കിസാൻ സമ്മാൻ നിധിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് കേന്ദ്രസഹമന്ത്രി അൽഫോൺസ് കണ്ണന്താനവും കോട്ടയത്ത് മന്ത്രി വി.എസ്. സുനിൽ കുമാറും നിർവഹിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തി. ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലാണ് അൽഫോൺസ് കണ്ണന്താനം പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങിലേക്ക് വകുപ്പ് മന്ത്രിയേയോ സ്ഥലം എം.എൽ.എയോ ക്ഷണിച്ചതുമില്ല. ഇതിനു പിന്നാലെയാണ് ഇതേ പദ്ധതി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കോട്ടയത്ത് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തത്. സംസ്ഥാനസർക്കാർ അറിയാതെ ഉദ്ഘാടനം നടത്തിയ കേന്ദ്രമന്ത്രിയുടെ നടപടി ബി.ജെ.പിയുടെ രാഷ്ട്രീയ അൽപ്പത്തമാണെന്ന് സുനിൽ കുമാർ ആരോപിച്ചു. ഇതിന് ചുട്ടമറുപടിയുമായി അൽഫോൺസ് കണ്ണന്താനവും രംഗത്തെത്തി. പ്രധാനമന്ത്രിയുമായുള്ള മൻ കി ബാത്തിന് സംസ്ഥാന മന്ത്രിമാരായ സുനിൽകുമാറിനെയും കടകംപള്ളിയേയും ക്ഷണിച്ചിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് കർഷകരെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ തത്സമയ വെബ്കാസ്റ്റിംഗ് ശ്രീകാര്യത്തെ സി.ടി.സി.ആർ.ഐയിൽ പ്രദർശിപ്പിക്കുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങാണ് ഉദ്ഘാടനം ചെയ്തതെന്ന് കണ്ണന്താനം വ്യക്തമാക്കി.

തിരഞ്ഞെടുത്ത കർഷകരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ ആശയവിനിമയത്തിൽ ശ്രീകാര്യം പൗഡിക്കോണത്തെ കർഷകൻ ബേബിനാഥ കുറുപ്പ് പങ്കെടുത്തു. 40 സെന്റ് ഭൂമിയിൽ കൃഷി നടത്തുന്ന തനിക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര കാർഷിക സഹകരണ കർഷകക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി അഭിലാഷ് ലിഖി, സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ. അർച്ചന മുഖർജി, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.