കൻസാസ് : ഇന്ത്യൻ ഹൈജമ്പ് താരം തേജസ്വിൻ ശങ്കറിന് അമേരിക്കയിലെ ബിഗ് 12 കൊളീജിയറ്റ് ഹൈജമ്പിൽ സ്വർണം. കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടി മത്സരിച്ച തേജസ്വിൻ 2.28 മീറ്റർ ക്ളിയർ ചെയ്ത കഴിഞ്ഞവർഷം താൻ കുറിച്ച ദേശീയ റെക്കാഡിനൊപ്പമെത്തുകയും ചെയ്തു. പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിലാണ് തേജസ്വിൻ ഇൗ ഉയരം ചാടിയിരുന്നത്.
2015 കോമൺവെൽത്ത് യൂത്ത് ഗെയിംസിലെ സ്വർണമെഡൽ ജേതാവും 2016 സൗത്ത് ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവുമായ തേജസ്വിൻ അമേരിക്കയിലാണ് താമസവും പരിശീലനവും. 2016 ൽ ഹരിശങ്കർ റോയ്യുടെ പേരിലുണ്ടായിരുന്ന 2.25 മീറ്ററിന്റെ സീനിയർ റെക്കാഡ് ജൂനിയർ നാഷണൽ മീറ്റിൽ തേജസ്വിൻ മറികടന്നിരുന്നു.
ഡൽഹിയിൽ വളർന്ന തമിഴ്നാട്ടുകാരനായ തേജസ്വിൻ അത്ലറ്റിക് സ്കോളർഷിപ്പ് നേടിയാണ് അമേരിക്കയിലെത്തിയത്.