പിലാത്തറ (കണ്ണൂർ): കഴിഞ്ഞ ദിവസം നിര്യാതനായ സിനിമ, ഡോക്യുമെന്ററി സംവിധായകൻ മണ്ടൂർ പടിഞ്ഞാറ്റയിൽ പി.പി. ഗോവിന്ദന്റെ (68) സംസ്‌കാരം ഇന്ന് രാവിലെ 11ന് മണ്ടൂരിൽ നടക്കും. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരികളുടെ സംഘടനയായ ഗ്രാഫ്റ്റിയുടെ സംസ്ഥാന പ്രസിഡന്റ്, സൗത്ത് ഇന്ത്യൻ സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ സെക്രട്ടറി, നോർത്ത് മലബാർ ഫിലിം ഡയറക്ടേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

വടക്കെ മലബാറിൽ നിന്ന് ആദ്യമായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച സംവിധായകനാണ് ഇദ്ദേഹം. സരിത, സീത, സന്ധ്യാവന്ദനം, ഹൃദയങ്ങളിൽ നീ മാത്രം എന്നീ മലയാള സിനിമകളും പാശക്കനൽ, ഇപ്പടിക്ക് സത്യമൂർത്തി എന്നീ തമിഴ് സിനിമകളും നിരവധി സീരിയലുകളും സംവിധാനം ചെയ്തു. നാല്പതിലേറെ ഡോക്യുമെന്ററി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

പരേതരായ കണ്ണൻ രവിവർമന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഓമന. മക്കൾ: രവി കല്യാൺ (എൻജിനീയർ, ലണ്ടൻ), നർത്തകി സരിതാ കല്യാൺ (ചെന്നൈ കലാക്ഷേത്ര അദ്ധ്യാപിക) മരുമക്കൾ: ഭാസ്‌കർ (ശ്രീഹരിക്കോട്ട സ്‌പെയ്‌സ് സെന്റർ), പ്രസന്ന രവി (എൻജിനീയർ, ലണ്ടൻ). സഹോദരങ്ങൾ: ഡോ. പി.പി. കുഞ്ഞിരാമൻ (നേത്രരോഗ വിദഗ്ധൻ, കണ്ണൂർ), മാധവി (തൃക്കരിപ്പൂർ), അഡ്വ. പി.പി. കൃഷ്ണൻ (പയ്യന്നൂർ ബാർ), ശാരദ രവീന്ദ്രൻ (പള്ളിക്കുന്ന്), വാസന്തി ധനതൻ (ബെംഗളൂരു).