കോട്ടയം: കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിക്കുന്ന കോൺഗ്രസുകാർ ഡൽഹിയിലെത്തുമ്പോൾ താമരയാകുന്ന സ്ഥിതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള സംരക്ഷണയാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
അധികാരത്തിൽ എത്തിയാൽ രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞ കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിനെ ഉദ്ദേശിച്ചായിരുന്നു കോടിയേരിയുടെ പ്രസ്താവന.
‘ഇപ്പോൾ കോൺഗ്രസും ബി.ജെ.പിയുടെ മുദ്രാവാക്യം പിന്തുടരുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് റാവത്തിന്റെ വാക്കുകൾ. കോൺഗ്രസുകാർ ഡൽഹിയിലെത്തുമ്പോൾ താമരയാകുന്ന സ്ഥിതിയാണിത്. രണ്ട് പാർട്ടിതകളും തമ്മിൽ പിന്നെ എന്ത് വ്യത്യാസമാണ് ഉളളതെന്നും കോടിയേരി ചോദിച്ചു. ബി.ജെപി.യുടെ പശു രാഷ്ട്രീയം തന്നെയാണ് കോൺഗ്രസും പിന്തുടരുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.