വിശാഖപട്ടണം : ആസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി 20യിൽ 126/7 എന്ന സ്കോറിലൊതുങ്ങിയിട്ടും അവസാന പന്തുവരെ പൊരുതിയ ഇന്ത്യ തോറ്റു. 127 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കംഗാരുക്കൾ രണ്ട് റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ അത് ഒാടിയെടുക്കുകയായിരുന്നു.നാലോവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ ബൗളിംഗാണ് മത്സരം ആവേശകരമാക്കിയത്.
മറുപടിക്കിറങ്ങിയ ആസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ സ്റ്റോയ്ന്സിനെയും (1), ക്യാപ്ടൻ ആരോൺ ഫിഞ്ചിനെയും (0)നഷ്ടമായിരുന്നു. സ്റ്റോയ്നിസ് രണ്ടാം ഒാവറിൽ റൺ ഒൗട്ടായപ്പോൾ ഫിഞ്ചിനെ മൂന്നാം ഒാവറിന്റെ ആദ്യപന്തിൽ ബുംറ എൽബിയിൽ കുരുക്കുകയായിരുന്നു. 5/2 എന്ന സ്കോറിൽ പരുങ്ങിയ ഒാസീസിനെ രക്ഷപ്പെടുത്തിയത് അർദ്ധ സെഞ്ച്വറി നേടിയ ഗ്ളെൻ മാക്സ്വെല്ലും (56)ഷോർട്ടും (37)ചേർന്നാണ്. ഇരുവരും പുറത്തായശേഷമാണ് മത്സരം ആവേശകരമായി മാറിയത്. 19 ഒാവറിൽ 113/7 എന്ന നിലയിലായിരുന്ന ഒാസീസിനെ റിച്ചാർഡ്സണും (7*) കമ്മിൻസും (7*) ചേർന്ന് ഉമേഷ് യാദവിനെതിരെ 14 റൺസെടുത്ത് ജയിപ്പിക്കുകയായിരുന്നു.
അർദ്ധ സെഞ്ച്വറി നേടിയ കെ.എൽ. രാഹുലും (50), നായകൻ വിരാട് കൊഹ്ലിയും (24) പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 37 പന്തുകൾ നേരിട്ടെങ്കിലും ധോണിക്ക് 29 റൺസ് മാത്രം നേടാനായത് ഉയർന്ന സ്കോർ നേടുന്നതിൽനിന്ന് ഇന്ത്യയെ പിറകോട്ടടിച്ചു.
ശിഖർ ധവാന് വിശ്രമം നൽകി കെ.എൽ. രാഹുലിന് ഒാപ്പണറായി അവസരം നൽകിയാണ് ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയത്. രാഹുൽ തനിക്ക് ലഭിച്ച അവസരം പ്രയോജനപ്പെടുത്തിയപ്പോൾ സഹ ഒാപ്പണറായി ഇറങ്ങിയ രോഹിത് ശർമ്മയ്ക്ക് തുടക്കത്തിലേ പിഴച്ചു. എട്ട്പന്തുകൾ നേരിട്ട് അഞ്ച് റൺസ് മാത്രം നേടിയ രോഹിത് മൂന്നാം ഒാവറിൽ കൂടാരം കയറി. ബ്രെൻഡോർഫിനെ സ്കൂപ്പ് ചെയ്യാൻ ശ്രമിച്ച രോഹിതിനെ ഷോർട്ട് ഫൈനൽ ലെഗിൽ ആദം സാംപ ഇൗസിയായി കൈയിലൊതുക്കുകയായിരുന്നു. ടീം സ്കോർ 14 ലെത്തിയപ്പോഴാണ് രോഹിത് തിരിച്ചുനടന്നത്.
തുടർന്നെത്തിയ നായകൻ വിരാട് കൊഹ്ലിയും രാഹുലും ചേർന്ന് സ്കോർ ഉയർത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. ഏഴാം ഒാവറിൽ ഇന്ത്യ 50 റൺസ് കടന്നു. എന്നാൽ ഒൻപതാം ഒാവറിൽ നായകൻ പുറത്തായതോടെ ഇന്ത്യൻ ബാറ്റിംഗ് നിര ചിതറുന്നതാണ് കണ്ടത്. 17 പന്തുകളിൽ മൂന്ന് ബൗണ്ടറികളടക്കം 24 റൺസടിച്ച കൊഹ്ലി ആദം സാംപയുടെ പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ കൗട്ടർ നിലെയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു. പകരമിറങ്ങിയ ഋഷഭ് പന്ത് (3) അടുത്ത ഒാവറിൽ റൺ ഒൗട്ടായതോടെ ഇന്ത്യ 10 ഒാവറിൽ 80/3 എന്ന നിലയിലായി.
തുടർന്നുള്ള അഞ്ചോവറിൽ 20 റൺസെടുക്കുന്നതിനിടെ മൂന്ന് വിലപ്പെട്ട വിക്കറ്റുകൾ നഷ്ടമായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ധോണി ക്രീസിൽ നിൽക്കവേയായിരുന്നു ദിനേഷ് കാർത്തിക് (1), ക്രുനാൽ പാണ്ഡ്യ (1), രാഹുൽ എന്നിവർ മടങ്ങിയത്. നഥാൻ കൗട്ടർനിലെയാണ് മൂന്നുപേരെയും പുറത്താക്കിയത്. 13-ാം ഒാവറിന്റെ രണ്ടാം പന്തിൽ കെ.എൽ. രാഹുലിനെ ആരോൺ ഫിഞ്ച് പിടികൂടിയപ്പോൾ അവസാന പന്തിൽ കാർത്തിക് ക്ളീൻ ബൗൾഡാവുകയായിരുന്നു. 15-ാം ഒാവറിൽ ക്രുനാൽ പാണ്ഡ്യയെ കൗട്ടർനിലെ മാക്സ്വെല്ലിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 100/6 എന്ന നിലയിലായി.
അവസാന അഞ്ചോവറുകളിൽ ധോണി ക്രീസിൽ ഉണ്ടായിരുന്നിട്ടും 26 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.