ന്യൂഡൽഹി: അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് സൗദി ധനകാര്യ മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി റിഫൈനറികള്‍ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്തുമെന്നും സൗദി മന്ത്രി ആദിൽ ബിൻ അഹമ്മദ് അൽ ജുബൈർ പറഞ്ഞു. പെട്രോ കെമിക്കൽ രംഗത്തെ ഇന്ത്യയുടെ വൻമുന്നേറ്റത്തിന് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ റിഫൈനറി സ്ഥാപിക്കുന്നതിന് സൗദി അരാംകോ 44 ബില്യൺ യു.എസ് ഡോളറിന്റെ പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പങ്കാളിത്തത്തോടെ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയായിരിക്കും അതെന്നും സൗദി മന്ത്രി പറഞ്ഞു. റീജണൽ ഹബ്ബ് ഇന്ത്യയിൽ തുടങ്ങുന്നതിനൊപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഇന്ത്യയിൽ സൗദി നിക്ഷേപം നടത്തും.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശന വേളയിൽ ആദിൽബിൻ അഹമ്മദ് അൽ ജുബൈറും സംഘത്തിലുണ്ടായിരുന്നു.