gulf-

റിയാദ്: സൗദി അറേബ്യയുടെ ആദ്യ വനിത സ്ഥാനപതിയായി റിമ ബിൻത് ബന്ദർ അൽ സൗദിനെ അമേരിക്കയിൽ നിയമിച്ചു. ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യ വനിതയെ സ്ഥാനപതിയായി നിയമിക്കുന്നത്.

അമേരിക്കയിലെ സൗദി അംബാസഡറും സൽമാൻ രാജാവിന്റെ മകനുമായിരുന്ന ഖാലിദ് ബിൻ സൽമാൻ അൽ സൗദിനെ മാറ്റിയാണ് റിമ ബിൻത് ബന്ദർ അൽ സൗദിനെ നിയമിച്ചത്. ഖാലിദ് ബിൻ സൽമാനെ പ്രതിരോധ സഹമന്ത്രിയായി നിയമിച്ചു.

റിമ ബിൻത് ബന്ദർ അൽ സൗദിന്റെ പിതാവ് ബന്തർ ബിൻ സുൽത്താൽ അൽ സൗദ് അമേരിക്കയിൽ സൗദി അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. സൗദിയിലെ അറിയപ്പെടുന്ന വനിതാവകാശ പ്രവർത്തക കൂടിയാണ് റിമ ബിൻത് ബന്ദർ അൽ സൗദ്. സൗദി ജനറൽ സ്പോർട്സ് അതോറിട്ടിയിൽ വിമൺ അഫയേഴ്സ് വൈസ് പ്രസിഡന്റായും സൗദി ഫെ‍ഡറേഷൻ ഫോർ കമ്മ്യൂണിറ്റി സ്പോർട്സ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.