kadakkal

കടയ്ക്കൽ: പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽ വീട്ടമ്മയെ കുത്തിക്കൊന്നു. കടയ്ക്കൽ പാങ്ങലുകാട് ഗണപതിനട റാഫി മൻസിലിൽ റംലാബീവിയാണ് (35)​ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.45ന് ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘത്തിലൊരാൾ വീട്ടിനുള്ളിൽ കയറി മുളകുപൊടി മുഖത്തേക്ക് വലിച്ചെറിഞ്ഞശേഷം റംലയെ കുത്തുകയായിരുന്നു. പുറത്തേക്ക് ഓടിയ ഇവരുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ ഉടനെ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലും മുഖത്തും കുത്തേറ്റിട്ടുണ്ട്. ഭർത്താവുമായി അകന്നുകഴിയുകയാണ് റംലാബീവി. കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ വീടുകളിലെ സി.സി.ടി.വി കാമറകളിൽ നിന്ന് അക്രമികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിലാണ്. ഷാജിയാണ് റംലയുടെ ഭർത്താവ്. റാഫി,​ റിഫാൻ എന്നിവർ മക്കളാണ്.​