amit-sha

ജമ്മു: പാകിസ്ഥാന് ശക്തമായ മറുപടി കൊടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ കഴിയൂ എന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. കാശ്മീർ പ്രശ്നം വഷളാക്കിയതിന് പിന്നിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും കോൺഗ്രസുമാണെന്നും അമിത് ഷാ ആരോപിച്ചു. പാകിസ്താന് അവർ അർഹിക്കുന്ന രീതിയിലുള്ള മറുപടി കൊടുക്കാനും രാജ്യത്തെ മുന്നോട്ട് നയിക്കാനും കഴിയുന്ന നേതാവ് നരേന്ദ്ര മോദി മാത്രമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കാശ്മീരിൽ ബി.ജെ.പി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ ഒരു സർക്കാർ രൂപീകരിക്കുന്നതിന് മോദിയെ വീണ്ടും അധികാരത്തിൽ എത്തിക്കണം. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ നെഹ്‌റുവാണ് കാശ്മീരിലെ പ്രശ്‌നങ്ങൾക്ക് കാരണം. കാശ്മീരിനെക്കാൾ സങ്കീർണമായ ഹൈദരാബാദ് പോലുള്ള സ്ഥലങ്ങളിലെ പ്രശ്നങ്ങൾ ദിവസങ്ങൾ കൊണ്ട് പരിഹരിച്ച പട്ടേലിൽ നിന്ന് കാശ്മീരിനെ നെഹ്‌റു ഏറ്റെടുക്കുകയായിരുന്നു. നമ്മുടെ സൈന്യം പാക് അധീന കാശ്മീർ ഏറ്റെടുക്കാൻ തയ്യാറായപ്പോൾ കോൺഗ്രസ് അതിന് അനുവദിച്ചില്ല. പക്ഷെ ഇത് കോൺഗ്രസ് സർക്കാരല്ല. ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താൻ തങ്ങൾ ഒരിക്കലും അനുവദിക്കില്ല. കഴിഞ്ഞ 55 വർഷം കൊണ്ട് കോൺഗ്രസിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് തങ്ങളിപ്പോൾ ചെയ്യുന്നതെന്ന് അമിത് ഷാ അവകാശപ്പെട്ടു.

രാജ്യത്തിന് സുരക്ഷ നൽകാനും മുന്നോട്ട് നയിച്ച് ലോക ശക്തിയാക്കാനും മോദിക്ക് മാത്രമേ കഴിയൂ. സ്വന്തമായി ഒരു നേതാവോ നയപരിപാടിയോ ഇല്ലാത്ത ഒരു മുന്നണിക്ക് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലെന്നും പ്രതിപക്ഷസഖ്യത്തെ പരാമർശിച്ച് അമിത് ഷാ കൂട്ടിച്ചേർത്തു.