pakistan-product

മുംബയ്: പാക്കിസ്ഥാനിൽ നിന്നുള്ള പലചരക്ക് സാധനങ്ങൾ കടയിൽ നിന്നും പിടിച്ചെടുത്ത് തീയിട്ടു. മഹാരാഷ്ട്ര നവനിർമ്മാൻ സേന പ്രവർത്തകരാണ് നവി മുംബയിൽ നിന്നും സാധനങ്ങൾ ബലമായി പിടിച്ചെടുത്ത് കത്തിച്ചത്. സനപടയിലെ സെക്ടർ അഞ്ചിലെ കടയിൽനിന്ന് ബലമായി ഇരച്ചുകയറിയ പ്രവർത്തകർ പലചരക്ക് സാധനങ്ങൾ അഗ്നിക്കിരയാക്കുകയായിരുന്നു.

പാക്കിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്നറിഞ്ഞാണ് നവ നിർമ്മാൻ സേന കടയിലെത്തിയത്. കടയിലേക്ക് അതിക്രമിച്ച് കയറിയതിന് ശേഷം സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും സംഘം കത്തിക്കുകയുമായിരുന്നു. ഏകദേശം പത്തിലധികം പ്രവർത്തകരാണ് കൂട്ടമായെത്തി സാധനങ്ങൾ കത്തിച്ചത്.

മീറ്റ് വാലെ ഡോട്ട് കോം എന്ന കടയിൽ നിന്ന് പാക്കിസ്ഥാനിലെ ഷാൻ സ്‌പൈസസ് എന്ന പേരിലുള്ള ഉൽപ്പന്നങ്ങളാണ് വിറ്റിരുന്നത്. പാക്കിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുതെന്ന് നവ നിർമ്മാൻ സേന പ്രവർത്തകർ കടയുടമയ്ക്ക് താക്കീത് ചെയ്തു. പാക്കിസ്ഥാനിൽ നിന്ന് കൊണ്ടുവന്ന മറ്റ് സാധങ്ങൾ കടയിൽ നിന്ന് മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു.