kpcc

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവമായ കോൺഗ്രസ് പ്രവർത്തകർ, ഭാരവാഹികൾ, പാർട്ടി നേതാക്കൾ വോളന്റിയർമാർ എന്നിവർ പ്രാവർത്തികമാക്കേണ്ട സാമാന്യ നിയമങ്ങളും മര്യാദകളും നടപ്പിലാക്കാൻ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലപ്പെടുത്തി.

സൈബർ രാഷ്ട്രീയത്തിൽ ഇടപെടുന്ന കോൺഗ്രസ് പ്രവർത്തകർ പാർട്ടി നേതൃത്വത്തെയോ കോൺഗ്രസ് നേതാക്കളെയോ അപകീർത്തിപ്പെടുത്തുതയോ അപമാനിക്കാനോ ശ്രമിക്കരുത്. അത്തരം ശ്രമങ്ങളെ ഗൗരവപൂർവം കാണുകയും അതിനെതിരെ മാതൃകാപരമായ അച്ചടക്ക നടപടി എടുക്കുകയും ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കെ.പി.സി.സി ഭാരവാഹികൾ, ബൂത്ത് ഭാരവാഹികൾ കെ.പി.സി.സി അംഗീകൃത സംഘടനകളുടെ ഭാരവാഹികൾ, ഓഫീസ് ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും ഇത് ബാധകമായിരിക്കും.

എന്നാൽ എല്ലാ പാർട്ടി പ്രവർത്തകരോടും സോഷ്യൽ മീഡിയയിലെ വിഷയങ്ങളിൽ കൃത്യമായി ഇടപെടാനും പ്രസ്താവനയിൽ പറയുന്നു. ഡിജിറ്റൽ മീഡിയ സെൽ മെമ്പർമാർ പാർട്ടിയുടെ ഔദ്യോഗീക പേജിൽ മീഡിയ സെൽ ചെയർമാന്റെ അനുവാദമില്ലാതെ ഒന്നും പ്രസിദ്ധീകരിക്കരുത്. സ്വകാര്യ പേജുകളിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ വ്യക്തിപരമായിരിക്കണം. ഇത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്വം അതത് വ്യക്തികൾക്കായിരിക്കും. കെ.പി.സി.സി മീഡിയാ സെൽ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കില്ല. അതേസമയം സ്വകാര്യ പേജുകളിൽ പാർട്ടി നേതൃത്വത്തെയോ നേതാക്കളെയോ അധിക്ഷേപിക്കുന്ന പ്രവർത്തനം അനുവദിക്കില്ലെന്നും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.