modi

ന്യൂഡൽഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാൻ സമാധാനത്തിന് ഒരവസരം തരണമെന്ന അഭ്യർത്ഥനയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യ വ്യക്തമായ തെളിവുകൾ സമർപ്പിച്ചാൽ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കാമെന്നും തന്റേത് വെറും വാക്കല്ലെന്നുമാണ് ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചത്.

പഠാന്റെ മകനാണെങ്കിൽ പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ഇന്നലെ നരേന്ദ്രമോദി രാജസ്ഥാനിൽ നടന്ന റാലിക്കിടെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം. പാകിസ്താൻ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയത്ത് അഭിനന്ദിക്കാനായി വിളിച്ച മോദി ദാരിദ്ര്യത്തിനും ഭീകരതയ്ക്കുമെതിരായി നമുക്ക് ഒന്നിച്ച്‌ പോരാടാമെന്ന് ആശംസിച്ചപ്പോൾ താൻ ഒരു പഠാന്റെ മകനാണെന്നും സത്യത്തിൽ ഉറച്ച് നിന്ന് മാത്രമേ താൻ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയുള്ളു എന്നായിരുന്നു ഇമ്രാൻ ഖാന്റെ മറുപടി. ഈ വാക്കുകൾ ഓർത്തെടുത്തായിരുന്നു മോദിയുടെ പ്രസംഗം.

ആഗോള തലത്തിൽ ഭീകരവാദത്തിനെതിരായ വികാരം രൂപപ്പെടുകയാണന്നും പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്ന നിലപാടുമായി ഇന്ത്യ മുന്നോട്ട് പോകുകയാണെന്നും രാജസ്ഥാനിൽ നടന്ന റാലിയിൽ മോദി വ്യക്തമാക്കിയിരുന്നു. കണക്കുകൾ ഇത്തവണ തീർക്കുക തന്നെ ചെയ്യും. ഒരുപാട് മാറ്റങ്ങൾ വന്ന ഇന്ത്യയാണിത്. ഈ വേദന തങ്ങൾ സഹിക്കില്ലെന്നും ഭീകരവാദത്തെ എങ്ങനെ തകർക്കണമെന്ന് ഞങ്ങൾക്കറിയാമെന്നും മോദി റാലിയിൽ പറഞ്ഞിരുന്നു.

എന്നാൽ സംഭവത്തിന്റെ ഉത്തരവാദികളായ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദും തലവൻ മസൂദ് അസറും പാകിസ്താൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന കാര്യം തന്നെ നടപടി എടുക്കാൻ ആവശ്യമായ തെളിവാണെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി. മുംബയ്,​ പത്താൻ കോട്ട് ഭീകരാക്രമങ്ങളെ തുടർന്ന് സമർപ്പിച്ച തെളിവുകൾക്കെതിരെ പാകിസ്ഥാൻ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.