കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം തെല്ലൊന്നല്ല ജനങ്ങളെ ഭയപ്പെടുത്തിയത്. കൊച്ചി നഗരസഭയിൽ ഉണ്ടാവുന്ന 7 ലക്ഷത്തിലധികം പേരുടെ മുഴുവൻ മാലിന്യവും കൊണ്ടുപോയി ബ്രഹ്മപുരത്ത് ഒരു ചതുപ്പ് പ്രദേശത്ത് കുന്നുകൂട്ടി ഇടുന്നതാണ് കഴിഞ്ഞ 15 വർഷമായി കോർപ്പറേഷന്റെ മാലിന്യസംസ്‌കരണം. ഈ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണമറിയിച്ചിരിക്കുകയാണ് അഡ്വ.ഹരീഷ് വാസുദേവൻ.
എല്ലാ തരം മാലിന്യവും ഒരുമിച്ചു കൊണ്ടുപോയിട്ട ശേഷം മണ്ണുകൊണ്ട് പൊതിയുന്നത് അശാസ്ത്രീയമായ നടപടിയാണെന്നും ഭവിഷ്യത്ത് രൂക്ഷമായിരിക്കുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് കൊടുത്തിരുന്നു. വർധിച്ച അളവിൽ നടക്കുന്ന ചീയൽ അമിതമായ ചൂടുണ്ടാക്കുകയും അതുവഴി പൊടുന്നനെ തീപിടിക്കുന്നതിനും കാരണമാകുന്നെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബ്രഹ്മപുരത്തിനു തീപിടിക്കുമ്പോൾ.
നേരിട്ടു ശ്വാസം മുട്ടുംവരെ ബ്രഹ്മപുരം ഒരു പ്രശ്നമാണെന്നു തോന്നാത്ത, അതിൽ ഇടപെടാത്ത, മാലിന്യം കവറിൽക്കെട്ടി കോർപ്പറേഷനെ ഏൽപ്പിച്ചാൽ പണി കഴിഞ്ഞുവെന്ന് കരുതുന്ന നഗരവാസിക്ക് ഇങ്ങനെ വല്ലപ്പോഴും ശ്വാസം മുട്ടണം മാലിന്യനിർമ്മാർജ്ജനത്തിലേക്ക് ശ്രദ്ധയൊന്നു പതിയാൻ.
എന്താണ് പ്രശ്നം?
കൊച്ചി നഗരസഭയിൽ ഉണ്ടാവുന്ന 7 ലക്ഷത്തിലധികം പേരുടെ മുഴുവൻ മാലിന്യവും കൊണ്ടുപോയി ബ്രഹ്മപുരത്ത് ഒരു ചതുപ്പ് പ്രദേശത്ത് കുന്നുകൂട്ടി ഇടുന്നതാണ് കഴിഞ്ഞ 15 വർഷമായി കോർപ്പറേഷന്റെ മാലിന്യസംസ്കരണം. ജൈവവും അജൈവവും ആയ മാലിന്യം തരംതിരിക്കാതെ ഒരുമിച്ചു കൊണ്ടുപോയി തട്ടുകയായിരുന്നു ആദ്യകാലങ്ങളിൽ. പിന്നീട് തരംതിരിച്ചു സ്വീകരിക്കാൻ തുടങ്ങി. എത്രപേർ ശാസ്ത്രീയമായി വേർതിരിച്ചു കൊടുക്കുന്നുണ്ട് എന്നു ചോദിച്ചാൽ കോർപ്പറേഷൻ ബുദ്ധിമുട്ടും. കൊണ്ടുപോയി തള്ളുന്നത് ഒരേ സ്ഥലത്താണ് - ബ്രഹ്മപുരം.
ഇപ്പോൾ വായുവിൽ വരുന്ന മാലിന്യമേ നമുക്കറിയാവൂ. ലീച്ച് ചെയ്തു ചിത്രപുഴയിലും കടമ്പ്രയാറ്റിലും അവിടുന്നു താഴോട്ടു ഒഴുകി കൊച്ചി കായലിലേക്കും ഒഴുകി ജലാശയങ്ങളും, ഭൂഗർഭ ജലം വരെയും മലിനമാക്കി ഒരു സമൂഹത്തിനാകെ തലമുറകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന ജലമലിനീകരണത്തെപ്പറ്റി ആർക്കും ഇപ്പോഴും പരാതിയില്ല. കാരണം അത് നാം നേരിൽ കാണുന്നില്ല.
എല്ലാ തരം മാലിന്യവും ഒരുമിച്ചു കൊണ്ടുപോയിട്ട ശേഷം മണ്ണുകൊണ്ട് പൊതിയുന്നത് അശാസ്ത്രീയമായ നടപടിയാണെന്നും ഭവിഷ്യത്ത് രൂക്ഷമായിരിക്കുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് കൊടുത്തിരുന്നു. വർധിച്ച അളവിൽ നടക്കുന്ന ചീയൽ അമിതമായ ചൂടുണ്ടാക്കുകയും അതുവഴി പൊടുന്നനെ തീപിടിക്കുന്നതിനും കാരണമാകുന്നു. കാർബൺ മോണോക്‌സൈഡും ഹൈഡ്രജൻ സൾഫൈഡും മുതൽ ഡയോക്സിൻ വരെയുള്ള വിഷവാതകങ്ങൾ പുറത്തുവരും എന്നത് പുതിയ അറിവല്ല. അതുകൊണ്ടുതന്നെ "മാലിന്യത്തിന് ആരോ തീവെച്ചതാണ്" എന്ന മേയർ സൗമിനി ജെയിന്റെ പ്രതികരണം പ്രഥമദൃഷ്ട്യ നോക്കുമ്പോൾ അസംബന്ധമാണ്.
സ്വന്തം ഉത്തരവാദിത്വത്തിലുണ്ടായ കുറ്റകരമായ അനാസ്ഥ മറച്ചുവയ്ക്കാൻ പറയുന്നതാണ്. എങ്കിലും ഒരു പ്രതിസന്ധി ഉണ്ടാക്കി അതിന്റെ മറവിൽ Waste to energy പ്ലാന്റ് എന്ന ഇതിലും വലിയ അസംബന്ധ ഇടപാടിന് നൂറുകണക്കിന് കോടിരൂപയുടെ അഴിമതി സംസ്ഥാന സർക്കാരിൽ നടത്താനാണോ ഈ പുക ഉണ്ടാക്കിയത് എന്നകാര്യം പോലീസ് അന്വേഷിക്കട്ടെ.
മാലിന്യമലയുടെ ഇടയിൽ ഫയർഎഞ്ചിൻ പോകാൻ പോലുമുള്ള സ്ഥലമില്ല. തീയണയ്ക്കുന്നതിൽ പ്രായോഗികമായ പരിമിതിയുണ്ട്. ഹെലികോപ്റ്റർ കിട്ടുമോ എന്നാണ് ഇപ്പോൾ അന്വേഷണം. ലഘുവായി പരിഹരിക്കാവുന്ന വിഷയം ഒരു പതിറ്റാണ്ട് കൊണ്ടു കുളമാക്കുക, crisis ഉണ്ടാക്കുക, ജനരോഷം ഉണ്ടാകുമ്പോൾ അത് നേരിടാൻ കോടികൾ ചെലവഴിക്കുക ---- അങ്ങനെയും ഉണ്ട് അഴിമതി സാധ്യതകൾ.
പരിഹാരം?
ബ്രഹ്മപുരത്ത് നിന്നും ഉണ്ടാക്കുന്ന വിഷപ്പുക ശ്വസിക്കുന്നവർക്ക് എല്ലാം ഒരു താൽക്കാലിക മാസ്‌ക്ക് നൽകുക, ബുദ്ധിമുട്ട് നേരിടുന്നവർക്ക് കർച്ചീഫ് നനച്ചു മൂക്കിൽ വെച്ചു അതുവഴി ശ്വാസം എടുക്കാൻ ആവശ്യപ്പെടുക, ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കുക എന്നതൊക്കെ ആണ് അടിയന്തിര പരിഹാരം. (കത്തി തീരാൻ അനുവദിക്കാതെ വെള്ളം ഒഴിച്ചു പുക കൂട്ടണോ? അത് പരിഹാരമാണോ എന്നൊക്കെ വിദഗ്ധർ പറയട്ടെ, ഞാൻ ആളല്ല)
മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് കൃത്യമായ നിയമം നമുക്കുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമത്തിനു കീഴിൽ മുനിസിപ്പൽ ഖരമാലിന്യ പരിപാലന ചട്ടം -2016 സമഗ്രമായ ഒന്നാണ്. പ്ലാസ്റ്റിക്ക് ചട്ടവും, ഹസാഡസ് മാലിന്യ ചട്ടവും, ജൈവമെഡിക്കൽ മാലിന്യ ചട്ടവും ഒക്കെയുണ്ട്. ഇവ കർശനമായി പാലിച്ചാൽ പ്ലാസ്റ്റിക് കവറിന് വാങ്ങുന്നവരും വിൽക്കുന്നവരും കനത്ത വില നൽകേണ്ടി വരും, one time use പ്ലാസ്റ്റിക് മാലിന്യം ആളുകൾ കുറയ്ക്കും, മാലിന്യം തരംതിരിക്കാത്ത- വലിച്ചെറിയുന്ന ആളുകൾ ജയിലിലാകും, ജനങ്ങൾക്ക് മാലിന്യം എന്നതിൽ കൂടുതൽ ഉത്തരവാദിത്തം വരും. ഉപഭോഗം സ്വയം നിയന്ത്രിക്കപ്പെടും, ശാസ്ത്രീയ സംസ്കരണ പ്ലാന്റുകൾ വരും..
ഓരോ വാർഡിലും ഓരോ ലയിനിലും ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ തുമ്പൂർമൂഴി മോഡൽ എയ്‌റോബിക് കമ്പോസ്റ്റ് വഴി ഒട്ടും മണം ഇല്ലാതെ അതത് സ്ഥലങ്ങളിൽ സംസ്കരിക്കാൻ ഒരു വിഷമവുമില്ല. ഡോ.തോമസ് ഐസക്ക് ആലപ്പുഴയിലും പ്രശാന്ത് തിരുവനന്തപുരത്തും ഇത് അൽപ്പമെങ്കിലും പ്രയോഗികമാണെന്നു കാണിച്ചു തന്നിട്ടുള്ളത് നേരിട്ടറിയാം. കോണ്ഗ്രസ് ഭരിക്കുന്ന പലമുനിസിപ്പാലിറ്റികളും ഇത് ചെയ്യുന്നുണ്ട് സൗമിനി ജയിനിന് അന്വേഷിക്കാം. അപ്പോൾ പക്ഷെ മാലിന്യത്തിന്റെ പേരിൽ crisis ഉണ്ടാക്കാനാവില്ല.
പ്ലാസ്റ്റിക്ക് ഷെഡിങ് യൂണിറ്റ് വഴി നുറുക്കി തമിഴ്‌നാട്ടിൽ എത്തിച്ചാൽ വാങ്ങുന്ന വ്യാപാരികളുണ്ട്. ബാറ്ററി പോലുള്ള ഇലക്ട്രോണിക് മാലിന്യങ്ങളും അപകടമാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും പ്രത്യേകം ശേഖരിച്ചു പ്രത്യേകം സംസ്കരണ യൂണിറ്റുകളിൽ എത്തിക്കേണ്ടതാണ്. ഇതൊക്കെ തീ പിടിക്കുമ്പോഴല്ല ഇപ്പോൾത്തന്നെ ആലോചിക്കണം. പ്ലാനും പദ്ധതിയും ബജറ്റിൽ ഉണ്ടാകണം. ഇതൊക്കെ നിരന്തരം പൊതുജനസമ്പർക്ക പരിപാടികൾ വഴി വാർഡ് തലത്തിൽ ജനങ്ങളെ അറിയിക്കണം.
എങ്ങനെ മാലിന്യനിർമ്മർജ്ജനം ശാസ്ത്രീയമായി ചെയ്യണമെന്ന സാങ്കേതിക ഉപദേശം കൊടുക്കുകയും ചെയ്യുന്നില്ലെങ്കിൽ കോര്പ്പറേഷന് എതിരെ കേസെടുക്കുകയും ചെയ്യേണ്ട മലിനീകരണ ബോർഡ് രണ്ടാം പ്രതിയാണ്. ബോർഡിന്റെ തലപ്പത്ത് വർഷങ്ങളായി ഇരുന്ന് ഈ സിസ്റ്റം തന്നെ നശിപ്പിച്ച സജീവൻ എന്ന ചെയർമാന് ഇതിൽ വലിയ പങ്കുണ്ട്. എന്നാൽ മാറിമാറിവരുന്ന സർക്കാരുകൾ ഈ അഴിമതിക്കാരനെ ചുമക്കുകയാണ്. അത് എങ്ങനെ പരിഹരിക്കാം എന്ന് മുഖ്യമന്ത്രി തന്നെ പറയട്ടെ.
മാലിന്യനിർമ്മാർജ്ജനം സംബന്ധിച്ച കേസിൽ ദേശീയ ഹരിത ട്രിബ്യുണലിൽ പലവട്ടം ഹാജരായ ഒരാൾ എന്ന നിലയിൽ, ഈ വിഷയത്തിൽ സർക്കാരിന്റെയും കൊച്ചി നഗരസഭയുടെയും കുറ്റകരമായ അനാസ്ഥ ക്രിമിനൽ കേസെടുക്കാൻ യോഗ്യമായ കുറ്റമാണ് എന്ന ബോധ്യത്തിൽ നിന്നാണ് ഇത്രയും എഴുതിയത്.
തൂറാൻ മുട്ടുമ്പോഴല്ല പറമ്പ് അന്വേഷിക്കേണ്ടത് എന്ന നാടൻ ചൊല്ല് ബ്രഹ്മപുരത്തിന്റെ കാര്യത്തിൽ അനുയോജ്യമാണ്.