കോട്ടയം: എൻ.എസ്.എസ് കൊട്ടിയടച്ച വാതിലുകൾ മുട്ടിവിളിച്ച് തുറക്കാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ ദിവസം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തിയ പ്രസ്താവനയോടാണ് അദ്ദേഹം പ്രതികരിച്ചത്. സമുദായ നേതാക്കളോട് ശത്രുതയില്ല, സൗഹൃദനിലപാടാണുള്ളത്.
നിലപാട് വിശദീകരിക്കുകമാത്രമാണ് ചെയ്‌തത്. എൻ.എസ്.എസുമായി വിയോജിപ്പ് ശബരിമല യുവതീ പ്രവേശനത്തിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി എൻ.എസ്.എസിന്റെ വാദം അംഗീകരിച്ചിട്ടില്ല. ഈ വിധിയോട് എൻ.എസ്.എസിന് വിയോജിപ്പുണ്ട്. വിയോജിപ്പുള്ളതായി അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇപ്പോൾ സുപ്രീംകോടതിയുടെ വിധിയെ അനുകൂലിക്കുക മാത്രമേ സർക്കാരിന് സാധിക്കൂ.
വിശ്വാസം എൻ.എസ്.എസിനെ രക്ഷിക്കട്ടെയെന്നും കോടിയേരി കൂട്ടിച്ചേർത്തു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ലീഗും കേരളത്തിലെ കോൺഗ്രസ് നേതാക്കളും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ക്രൈസ്തവ സഭയെ നിയന്ത്രിക്കാൻ ഒരു നിയമവും കൊണ്ട് വരാൻ ഉദ്ദേശിക്കുന്നില്ല. ചർച്ച് ആക്ട് നിയമ പരിഷ്ക്കാര കമ്മിഷന്റെ അഭിപ്രായം മാത്രമാണെന്നും കോടിയേരി പറഞ്ഞു.