കോട്ടയം : കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ, യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ തിടനാട് തട്ടാരുപറമ്പിൽ സാജു മാത്യു (43) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.35 ന് എം.സി റോഡിൽ കോടിമത പാലത്തിന് സമീപമായിരുന്നു സംഭവം.
ആരോഗ്യ പ്രശ്നങ്ങൾ മൂലം ഓർഡിനറി മാത്രം ഓടിച്ചിരുന്ന സാജു, ദിവസങ്ങൾക്ക് മുൻപാണ് ഫാസ്റ്റ് പാസഞ്ചറിന്റെ വളയം പിടിച്ചത്. എന്നാൽ ഒരിക്കലും തിരിച്ചുവരാത്ത യാത്രയിലേക്കാണ് പോകുന്നതെന്ന് സാജു കരുതിയില്ല. നിനച്ചിരിക്കാതെ മരണം എന്ന കോമാളി കവർന്നെടുത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്. 2016 മാർച്ചിലാണ് സാജു ഈരാറ്റുപേട്ട ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്. ഇതിനു മുൻപ് നാട്ടിലെ സ്വകാര്യ വാഹനങ്ങൾ ഓടിക്കുകയായിരുന്നു.
ഏതു ജോലിയും വിശ്വസിച്ച് ഏല്പിക്കാവുന്ന മിടുക്കനായ ഡ്രൈവറായിരുന്നു സാജുവെന്ന് സഹപ്രവർത്തകർ പറയുന്നു. ഡിപ്പോയിലെ എല്ലാവരുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്നു. സാജുവിന് അപകടമുണ്ടായതറിഞ്ഞ് ഓടിയെത്തിയ സുഹൃത്തുക്കൾക്ക് മരണവാർത്ത ഉൾക്കൊള്ളാനായില്ല. സൗമ്യനായ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് പലരും വിതുമ്പലോടെ പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് മൂന്നു മാസത്തോളമായി സാജു ചികിത്സയിലായിരുന്നു. ആൻജിയോപ്ലാസ്റ്റിയ്ക്ക് ശേഷം മടങ്ങിയെത്തിയ സാജുവിന് പ്രാദേശിക റൂട്ടുകളാണ് നൽകിയിരുന്നത്. ഇന്നലെയായിരുന്നു തിരുവനന്തപുരം റൂട്ടിലെ ആദ്യ സർവീസ്.
അപകടത്തിൽപ്പെട്ട സാജുവിനെ രക്ഷിക്കാൻ ആദ്യം സഹായഹസ്തം നീട്ടിയത് മറ്റൊരു കെ.എസ്.ആർ.ടി.സി ഡ്രൈവറായ ചെങ്ങന്നൂർ ഡിപ്പോയിലെ ടി.കെ ലാലാണ്. നടുറോഡിൽ വാഹനം നിറുത്തിയതോടെ ഓടിയെത്തിയ ലാലും, കണ്ടക്ടർ അനീഷും കണ്ടത് ബോധരഹിതനായി സ്റ്റിയറിംഗിൽ കിടക്കുന്ന സാജുവിനെയാണ്. തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ലാൽ അതിവേഗം വാഹനം ജനറൽ ആശുപത്രിയിലേയ്ക്ക് ഓടിച്ചു. പക്ഷെ നിമിഷങ്ങൾക്കകം സാജുവിന്റെ ജീവൻ പൊലിഞ്ഞു.