ഭോപ്പാൽ: മധ്യപ്രദേശ് ചിത്രകൂടിൽ സ്കൂൾബസ് തടഞ്ഞു നിർത്തി തട്ടിക്കൊണ്ട് പോയ ഇരട്ടക്കുട്ടികളെ മോചനദ്രവ്യം നൽകിയിട്ടും കൊലപ്പെടുത്തി. ഔഷധ എണ്ണ വ്യാപാരിയായ ബ്രിജേഷ് റാവത്തിന്റെ യുകെജി വിദ്യാർഥികളായ മക്കൾ ശ്രേയൻശ്, പ്രിയൻശ് (6) എന്നിവരാണു കൊല്ലപ്പെട്ടത്.
ഫെബ്രുവരി 12ന് ഉച്ചയ്ക്കാണ് സ്കൂളിനു സമീപത്ത് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേർ സ്കൂൾ ബസിൽ നിന്ന് തോക്കുചൂണ്ടി കുട്ടികളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് കുട്ടികളുടെ അച്ഛൻ ബ്രിജേഷിന്റെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാൽ കുട്ടികളുടെ അച്ഛൻ ഫെബ്രുവരി 19ന് ആക്രമിസംഘത്തിന് 20ലക്ഷം രൂപ കൈമാറുകയും ചെയ്തു. പക്ഷേ തങ്ങൾക്ക് ഒരു കോടി രൂപ വേണമെന്ന പുതിയ ആവശ്യം ഇവർ മുന്നോട്ട് വയ്ക്കുകയും കുട്ടികളെ വിട്ട് നൽകിയതുമില്ല. സംഭവസ്ഥലം മധ്യപ്രദേശ്-യുപി അതിർത്തിയിലായതിനാൽ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തിയത്. ആക്രമികളെ കുറിച്ച് വിവരം നൽകുന്നവർക്ക് മധ്യപ്രദേശ് പൊലീസ് 50,000 രൂപ പ്രതിഫലം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പൊലീസ് പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്ത തുടർന്ന് ഉത്തർപ്രദേശിൽ യമുനാ നദിയിൽ നിന്ന് കുട്ടികളുടെ മൃതദേഹങ്ങൾ ലഭിക്കുകയും ചെയ്തു. കൈകാലുകൾ കൂട്ടിക്കെട്ടിയ ശേഷം കുട്ടികളെ പുഴയിൽ എറിയുകയായിരുന്നുവെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. തട്ടിക്കൊണ്ട് പോയവരെ കുട്ടികൾ തിരിച്ചറിഞ്ഞതാകാം കൊലപ്പെടുത്താൻ കാരണമെന്നാണ് നിഗമനം.
സംഭത്തെ തുടർന്ന് കുട്ടികളുടെ ട്യൂഷൻ അധ്യാപകൻ ഉൾപ്പെടെ 6 പേരെയാണ് പൊലീസ് അറസ്റ്റ‌് ചെയ്തത്. കുട്ടികളുടെ കൊലപാതകത്തെ തുടർന്ന് പ്രദേശവാസികൾ സ്കൂളും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളും അടിച്ച് തകർക്കുകയും ചെയ്തു. സംഭവം ഇരുസംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ഇതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ശക്തമായി. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി സ്ഥാനമൊഴിയണമെന്ന് ബി.ജെ.പിയും യു.പി മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കോൺഗ്രസും ആവശ്യപ്പെട്ടു.