ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുന്നത്. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ ,പി.തിലോത്തമൻ എന്നിവരുമുണ്ടായിരുന്നു. കണിച്ചുകുളങ്ങര ദേവിക്ഷേത്രത്തിൽ വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന പിൽഗ്രിം ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിനായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇവിടെയെത്തിയത്.
പിൽഗ്രിം ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണത്തിന്റെ രണ്ടാം ഘട്ടത്തിന് സർക്കാർ രണ്ടുകോടി രൂപ കൂടി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സർക്കാർ മൂന്നരകോടി രൂപ പ്രഖ്യാപിച്ചിരുന്നു. നിർമ്മാണ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അനാചാരങ്ങളും ആചാരങ്ങളും ഇല്ലാതാക്കിയാൽ ദേവിയുടെ ശക്തി കൂടുകയേ ഉള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്രാഹ്മണർ കൈവശം വച്ചിരുന്ന ക്ഷേത്രം താഴ്ന്ന ജാതിക്കാരെ പൂജ പഠിപ്പിച്ച് അവർക്ക് കൈമാറുകയാണ് ചെയ്തത്.
കോഴിവെട്ടും ആടുവെട്ടും ഒക്കെ ഇല്ലാതാക്കിയ ക്ഷേത്രമാണിത്. നേരത്തെ സുഖമില്ലാത്തതിനാൽ തനിക്ക് വരാൻ കഴിയില്ലെന്ന് മന്ത്രി ജി.സുധാകരൻ വെള്ളാപ്പള്ളിയെ അറിയിച്ചിരുന്നു. ഇപ്പോൾ സുധാകരന് വരാൻ കഴിഞ്ഞിരിക്കുന്നു. ആചാരങ്ങളും അനാചാരങ്ങളും ഇല്ലാതാക്കിയാൽ ദേവിയുടെ ശക്തികൂടുമെന്നതിന് തെളിവാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.