chabahar

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയ്‌ക്കും ബദലായി ഇന്ത്യൻ ചരക്കു ഗതാഗതം സുഗമമാക്കുന്ന ഛബഹർ തുറമുഖം യാഥർത്ഥ്യമായി. ഇതോടെ,അഫ്ഗാനിസ്ഥാനിലേക്കുള്ള എല്ലാ ഇടപാടുകളും ഇനി ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ ആശ്രയിക്കാതെ സ്വന്തമായി നടത്താം. ഛബഹർ തുറമുഖത്തേക്ക് ആദ്യ ചരക്കു വാഹനവ്യൂഹം യാത്ര ആരംഭിച്ചു. അഫ്‌ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ 23 ട്രക്കുകളിലായി 57 ടൺ ചരക്കു സാധനങ്ങളാണ് ഇറാനിലേക്ക് കയറ്റി അയച്ചത്. കാബൂളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി വിനയ് കുമാറും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇന്ത്യ പാക് സംഘർഷം രൂക്ഷമായിരിക്കെയാണ് അഫ്ഗാനിലേക്ക് ഇന്ത്യയുടെ സൗഹൃദപാതയെന്നതും ശ്രദ്ധേയമാണ്. ഇറാനിലും അഫ്ഗാനിലും ചുവടുറപ്പിക്കാനായതോടെ പാകിസ്ഥാന്റെ വടക്കും വടക്കുപടിഞ്ഞാറും ഇന്ത്യയുടെ സ്വാധീനം ശക്തമാകും. ചൈനയും പാക്കിസ്ഥാനുംചേർന്നു നടപ്പാക്കുന്ന ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) ക്കുള്ള ഇന്ത്യയുടെ ശക്തമായ മറുപടി കൂടിയാണ് ഛബഹർ.

2016മേയിലാണ് ഛബഹറിൽ മൂന്നു രാജ്യങ്ങളുടെയും ആവശ്യത്തിനായി തുറമുഖം വികസിപ്പിക്കാൻ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും കരാർ ഒപ്പുവച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുറമുഖത്തിന്റെ പ്രവർത്തനവും നിയന്ത്രണവും ഇന്ത്യയ്‌ക്കു കൈമാറുന്ന കരാറിൽ ഇറാൻ ഒപ്പുവച്ചു. ഇക്കൊല്ലം തുറമുഖം പൂർണമായി പ്രവർത്തനസജ്ജമാകും.