tp-senkumar

തിരുവനന്തപുരം: വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും വിധി പ്രഖ്യാപനം വരെ വന്നിട്ടും ഐ.എസ്.ആർ.ഒ ചാരക്കേസും വിവാദങ്ങളും ഇനിയും അടങ്ങിയിട്ടില്ല. അന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടി.പി സെൻകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി നമ്പി നാരായണൻ രംഗത്തെത്തിയതും, തിരിച്ച് നമ്പി നാരായണനെതിരെ സെൻകുമാറിന്റെ പ്രസ്താവനയുമെല്ലാം ഏറെ വാർത്താപ്രാധാന്യം നേടിയവയാണ്. എന്നാൽ ഇപ്പോഴിതാ ചാരക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സെൻകുമാർ. കൗമുദി ടിവിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സെൻകുമാർ മനസു തുറന്നത്.

'ചിലരൊക്കെ പറഞ്ഞു നടക്കുന്നത് എന്താണെന്നു വച്ചാൽ, ഞാൻ ലോകൈക ശാസ്‌ത്രജ്ഞനായിരുന്നു. അമേരിക്കൻ പൗരനാകാനായിട്ട് അമേരിക്കക്കാർ നിർബന്ധിച്ചു. ഞാൻ ആയില്ല. അതിന്റെ പേരിൽ ഇന്ത്യയിൽ വന്ന് ക്രയോജനിക് എൻജിൻ ഉണ്ടാക്കാൻ ശ്രമിച്ച സമയത്ത് സി.ഐ.എയുടെ നേതൃത്വത്തിൽ ഇവിടെ വന്ന് എന്നെ പിടികൂടി'എന്നാണ് ചിലർ പറഞ്ഞു നടക്കുന്നത്. ഇന്ത്യയിൽ സി.ബി.ഐയ്‌ക്ക് ഒരു കേസ് കൊടുത്തിട്ട്, അത് രണ്ടാമത് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ട് അന്വേഷിച്ച ഒരു സംഭവമേയുള്ളൂ ഒന്നേയുള്ളൂ, അതാണ് ഐ.എസ്.ആർ.ഒ കേസ്. ആ ഉദ്യോഗസ്ഥൻ ഞാനാണ്.

അന്ന് എന്നെ ഈ കേസ് ഏൽപ്പിച്ചത് ഇ.കെ നയനാർ ആയിരുന്നു. അദ്ദേഹത്തിന് അത്രയും വിശ്വാസമുള്ളതുകൊണ്ടാണല്ലോ? എന്നെ നിർബന്ധിച്ച്, ഞാൻ അന്ന് എഴുതികൊടുത്തു. ഇതിൽ നിയമപ്രകാരമുള്ള തെറ്റുകൾ എന്തൊക്കെയാണെന്ന് എഴുതി തരുമെന്ന് ഞാൻ സാറിനോടു പറഞ്ഞു. 1996 ജൂൺ 24ആം തീയതി വരെ എന്നെ ആരും അവിശ്വസിച്ചിരുന്നില്ല. അതിനുശേഷമാണ് ഈ കാര്യങ്ങളെല്ലാം നടന്നിട്ടുള്ളത്.

എന്നെ കേസ് ഏൽപ്പിച്ചതിന്റെ ഫലമായി എനിക്ക് മൂന്ന് കേസുകളിൽ പ്രതിയാകേണ്ടി വന്നു. സത്യമെന്താണെന്ന് പറയാൻ എനിക്കു സാധിക്കില്ല. കാരണം ആ തരത്തിലുള്ള അന്വേഷണം അവിടെ നടന്നിട്ടില്ല. ഐ.എസ്.ആർ.ഒ കേസിൽ ചാരപ്രവർത്തി നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് പറയാൻ എനിക്ക് കഴിയില്ല പക്ഷേ ഞാൻ വിശ്വസിക്കുന്നത്, കേസ് ഏറ്റെടുത്ത് മൂന്ന് നാലു ദിവസത്തിനു ശേഷം ശരിയായ അന്വേഷണം നടന്നില്ല, അത് അവസാനിപ്പിക്കാനുള്ള അന്വേഷണം മാത്രമെ നടന്നുള്ളൂ'.