
മുംബയ്: മേജറായിരുന്ന ഭർത്താവിന്റെ വീരമൃത്യുവിന് ശേഷം സൈന്യത്തിൽ ചേരാൻ തീരുമാനമെടുത്ത ഗൗരിക്ക് രാജ്യത്തിന്റെ പ്രശംസ. തന്റെ ആഗ്രഹത്തിന്റെ ആദ്യപടിയായി ഗൗരി ഇപ്പോൾ എസ്.എസ്.ബി. പരീക്ഷയിൽ മികച്ചവിജയം നേടുകയും സൈനിക പ്രവേശനത്തിനായി തയ്യാായിരിക്കുകയുമാണ്.
രണ്ടുവർഷം മുൻപ് ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ തീപിടിത്തത്തിലാണ് ഇവരുടെ ഭർത്താവ് മേജർ പ്രസാദ് മഹദിക് മരണപ്പെട്ടത്. ഭർത്താവ് മരണപ്പെടുമ്പോൾ മുംബയിൽ ജോലി ചെയ്യുകയായിരുന്നു ഗൗരി. അഭിഭാഷകയും കമ്പനി സെക്രട്ടറിയുമായിരുന്ന ഇവർ ഭര്‍ത്താവിന്റെ വിയോഗത്തെ തുടർന്ന് ജോലി രാജി വച്ച് സൈന്യത്തിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. തന്നെക്കാൾ രാജ്യത്തെയും സൈന്യത്തെയും സ്‌നേഹിച്ച ഭർത്താവിന് തനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി സൈന്യത്തിൽ ചേരുന്നത് തന്നെയാണെന്ന് ഗൗരി പറയുന്നു.
'അദ്ദേഹത്തിന്റെ മരണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ചത്. ഭർത്താവിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു മനസിൽ. അങ്ങനെയാണ് അദ്ദേഹത്തിന്റെ യൂണിഫോം അണിഞ്ഞ് സൈന്യത്തിൽ ചേരാൻ തീരുമാനിച്ചത്. കഠിനമായ പരിശീലനത്തിന് ശേഷം അടുത്തവർഷം ഞാൻ സൈന്യത്തിൽ സേവനം ആരംഭിക്കും.' നിറകണ്ണുകളോടെ ഗൗരി പറഞ്ഞു.
ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം തവണ പരീക്ഷയിൽ ഒന്നാമതെത്താൻ നേടാൻ ഗൗരിക്ക് സാധിച്ചു. വിധവകളുടെ വിഭാഗത്തിൽ പതിനാറുപേർക്കൊപ്പം എഴുതിയ പരീക്ഷയിൽ ഒന്നാം സ്ഥാനത്താണ് ഗൗരി. എസ്.എസ്.ബി. പരീക്ഷ വിജയിച്ചതോടെ സൈന്യത്തിന്റെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനത്തിന് പോകാൻ തയ്യാറാവുകയാണ് ഇവർ. ചെന്നൈയിൽ 49ആഴ്ചകൾ നീണ്ടു നിൽക്കുന്ന പരിശീലനം പൂർത്തിയാക്കിയാൽ ലെഫ്റ്റനന്റ് റാങ്കോടെയാകും ഗൗരിയുടെ നിയമനം.