ജപ്പാനിലെ നഗോരോ താഴ്വരയിൽ മനുഷ്യരേക്കാളേറെ പാവകളാണുള്ളത്! ഇവിടത്തുകാർക്ക് പാവകൾ വെറും പാവകൾ മാത്രമല്ല, മറിച്ച് ഓർമ്മകളാണ്. മരിക്കുകയോ നാടുവിട്ടു പോവുകയോ ചെയ്ത മനുഷ്യരാണ് ഇവിടെ പാവകളായി പുനർജനിക്കുന്നത്. നഗോരോക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണിവ. സ്വന്തമായി വിളിപ്പേരും വ്യക്തിത്വവുമുണ്ട് ഓരോ പാവകൾക്കും. നഗോരോയിൽ ഒരു മനുഷ്യൻ ഇല്ലാതായാൽ അയാളുടെ പേരിൽ അതേ രൂപസാദൃശ്യങ്ങളോടെ ഒരു പാവയെ സൃഷ്ടിക്കും.
ആർട്ടിസ്റ്റ് ത്സുകിമി അയാനോ ആണ് നഗോരോയിൽ മനുഷ്യപാവകൾ നിർമിച്ചു തുടങ്ങിയത്. അച്ഛന്റെ രൂപത്തിലാണ് ആദ്യ പാവയുടെ നിർമാണം. വൈക്കോലും പഞ്ഞിയും ഉപയോഗിച്ച് അച്ഛന്റെ അതേ ഉയരത്തിലും വീതിയിലും പാവ നിർമിച്ചു. പിന്നെ മറ്റു കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പാവകൾ. പതിയെ പതിയെ അയൽവാസികളും നാട്ടുകാരും ത്സുകിമിയുമായി അടുത്തു. പതിനഞ്ചു വർഷങ്ങൾക്ക് ശേഷം നഗോരോവിന്റെ മുക്കിലും മൂലയിലും പാവകളായി.
ടെലിഫോൺ ബൂത്തിന് സമീപം റിസീവർ പിടിച്ചിരിക്കുന്ന പാവ, കൃഷിയിടത്തിൽ പണിയെടുക്കുന്ന സ്ത്രീകളുടെ പാവ, ബോട്ടിൽ മീൻപിടിത്തക്കാരോടൊപ്പമുള്ള തൊപ്പിക്കാരൻ പാവ, ബസ് സ്റ്റാൻഡിൽ കാത്തു നിൽക്കുന്ന യുവാവിന്റെ പാവ, സ്കൂളുകളിൽ നിരനിരയായി ഇരിക്കുന്ന കുട്ടിപ്പാവകൾ, ചായക്കടയിൽ ചാഞ്ഞിരിക്കുന്ന വൃദ്ധന്റെ പാവ...അങ്ങനെ നഗോരോയുടെ ഓരോകോണിലും പാവകളുണ്ടാകും.