''ങ്ഹേ?" വിജയ നടുങ്ങി തറയിലേക്കു നോക്കി.
പകുതി കരിഞ്ഞ ഒരു ശരീരം!
മുഖം വ്യക്തമല്ല... കണ്ണുകളുടെ ഭാഗത്തു മാത്രം തിളക്കം കണ്ടു... കത്തിയെരിയുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ!
''വിജയേ..." കരിഞ്ഞുപോയ ചുണ്ടനങ്ങി.
അവൾ ശിലപോലെ നിന്നു.
ആ ശബ്ദം മുറിഞ്ഞു മുറിഞ്ഞ് വീണ്ടും കേട്ടു.
''ഞാനാ.. ആർജവ്..."
''ആർജവ്.."
കരഞ്ഞുകൊണ്ട് അവൾ അയാളുടെ തലയ്ക്കൽ കുത്തിയിരുന്നു.
ആർജവിന്റെ ചുണ്ടനങ്ങി.
''മരിക്കും മുൻപ് ... എനിക്കൊന്ന് പറയണം.. ഞാനാ കൽക്കി..!"
വിറച്ചുപോയി വിജയ...
''മുസാഫിർ സുബ്രഹ്മണ്യ ഈശോ... നിങ്ങളെയൊക്കെ... മറച്ചുകൊണ്ട്... ഒരു... ഒറ്റയാൾ പോരാട്ടം.... നടത്തിയതാ..."
ആർജവ് പല്ലുകൾ കടിച്ചു പിടിച്ചു. രക്തം വാർന്നൊഴുകുകയാണ്.
''ഞങ്ങൾക്കു പകരം നീ പൂർത്തിയാക്കണം... നമ്മുടെ പ്രതിജ്ഞ... അവൻ... നോബിൾ തോമസ്.. എന്റെ കസ്റ്റഡിയിലുണ്ട്... ഊന്നുകല്ലിൽ..."
അയാൾ ആ സ്ഥലം പറഞ്ഞുകൊടുത്തു.
''ആർജവ്...." കരച്ചിലോടെ വിജയ വിളിച്ചു.
പക്ഷേ അയാളുടെ ചുണ്ടനങ്ങിയില്ല. കണ്ണുകൾ തുറന്ന പടി അങ്ങനെ തന്നെയിരുന്നു...
വിജയയ്ക്കും ചലിക്കാനായില്ല.
ആരവത്തോടെ ജനങ്ങൾ ഓടിക്കൂടി കഴിഞ്ഞിരുന്നു...
ആ നേരം തിരുവനന്തപുരം
ചെമ്പഴന്തിക്ക് അടുത്തുള്ള 'അണിയൂർ"ചന്ത.
തോടിനോടു ചേർന്ന ചിറയിൽ ഒരു വീട്. പുറത്ത് ലൈറ്റുകൾ അണഞ്ഞിരുന്നെങ്കിലും അകത്ത് വെളിച്ചം ഉണ്ടായിരുന്നു.
കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന് അരുകിലിരുന്ന് മെഡിക്കൽ കോളേജിലെ നഴ്സ് താര തന്റെ ബാഗിൽ നിന്ന് സ്വർണ ബിസ്ക്കറ്റുകൾ പുറത്തെടുത്തു.
എട്ട് ബിസ്ക്കറ്റുകൾ!
ലൈറ്റിന്റെ വെളിച്ചമടിച്ച് അവയിൽ നിന്ന് ഒരു മഞ്ഞപ്രകാശം ചുറ്റും പരന്നു.
താരയുടെ ഭർത്താവ് ഗൾഫിലാണ്.
അവൾക്കും കുഞ്ഞിനും ഒപ്പം കൂട്ടായി അമ്മ മാത്രമേയുള്ളൂ.
ആ സ്ത്രീ അടുത്ത മുറിയിൽ കിടന്ന് ഉറങ്ങുന്നു.
റോഡിലൂടെ അപ്പോഴും സിറ്റി സർവ്വീസ് ബസ് പോകുന്നതിന്റെ ശബ്ദം കേട്ടു.
പെട്ടെന്ന് താരയുടെ സെൽഫോൺ വിറച്ചു. അവൾ അറിയാതെ ഞെട്ടി.
സ്വർണ ബിസ്ക്കറ്റുകൾ വീണ്ടും ബാഗിൽ വച്ചതിനുശേഷമാണ് ഫോൺ എടുത്തു നോക്കിയത്.
അപരിചിത നമ്പർ!
എടുക്കണോ വേണ്ടയോ എന്ന് രണ്ടുവട്ടം ചിന്തിച്ചു. അപ്പോഴേക്കും ഫോണിന്റെ വിറയൽ നിന്നു.
എന്നാൽ തൊട്ടടുത്ത സെക്കൻഡിൽ വീണ്ടും വിറച്ചു തുടങ്ങി.
അറ്റന്റു ചെയ്യാൻ തന്നെ അവൾ തീരുമാനിച്ചു.
ഫോൺ കാതിൽ ചേർത്തു.
''ഹലോ.." അപ്പുറത്തുനിന്ന് അടക്കിയ സ്വരം." താരയല്ലേ?"
''അതെ. നിങ്ങളാരാ... ഈ രാത്രിയിൽ?"
''ഞാൻ ധനപാലനാ. സി.ഐ..."
താര പിടഞ്ഞുണർന്നു.
''എന്താ സാർ?"
''വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. ഞാൻ പുറത്തുണ്ട്....."
താരയിൽ സംശയം.
''എന്തെങ്കിലും കുഴപ്പമുണ്ടാ സാർ?"
''ഇതുവരെയില്ല. പക്ഷേ ഉണ്ടായേക്കാം. അതിൽ നിന്നു പക്ഷേ നമ്മൾ രക്ഷപ്പെടും. അതിനാ വിളിക്കുന്നത്. വേഗം ഇറങ്ങിവാ. പിന്നെ.... പുറത്തെ ലൈറ്റ് തെളിക്കണ്ടാ."
അവൾ എന്തെങ്കിലും പറയും മുമ്പ് കാൾ മുറിഞ്ഞു.
താരയ്ക്ക് നെഞ്ചിടിപ്പേറി....
താനാണ് രാജസേനൻ സാറിനെ കൊന്നതെന്ന് ആരെങ്കിലും അറിഞ്ഞാൽ...
ക്ഷണത്തിൽ അവൾ വിയർപ്പിൽ കുളിച്ചു.
അമ്മയെ ഉണർത്തണ്ട എന്നുതന്നെയായിരുന്നു അവളുടെ തീരുമാനം. ഇക്കാര്യം വല്ലതും അറിഞ്ഞാൽ അപ്പോൾത്തന്നെ ബഹളം തുടങ്ങും.
കുഞ്ഞിനെ ഒന്നുകൂടി നോക്കിയിട്ട് താര മെല്ലെ മുറിക്കു പുറത്തു വന്നു.
ഹാളിലെ ലൈറ്റു തെളിക്കാതെ ചെന്ന് മുൻവാതിലിന്റെ ബോൾട്ടുകൾ മെല്ലെ എടുത്തു.
ഒരിക്കൽക്കൂടി ഇരുട്ടിൽ തിരിഞ്ഞുനോക്കി. അമ്മ അറിഞ്ഞിട്ടില്ല.
അവൾ വാതിൽ പതുക്കെ തുറന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു...
സിറ്റൗട്ടിനു പുറത്ത് ഒരു ഇരുണ്ട രൂപമായി സി.ഐ ധനപാലൻ!
(തുടരും)