കണിച്ചുകുളങ്ങര പിൽഗ്രിം ഫെസിലിറ്റേഷൻ സെന്ററിന് രണ്ടാംഘട്ടമായി രണ്ട് കോടി കൂടി

ആലപ്പുഴ: ആചാരങ്ങൾ മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നതിന്റെ തെളിവാണ് കണിച്ചുകുളങ്ങര ക്ഷേത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം വകുപ്പ് അനുവദിച്ച മൂന്നര കോടി രൂപ ചെലവഴിച്ച് ക്ഷേത്രമൈതാനത്ത് പണിയുന്ന പിൽഗ്രിം ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫെസിലിറ്റേഷൻ സെന്ററിന് രണ്ടാംഘട്ടമായി രണ്ട് കോടി രൂപ കൂടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സയിലായിരുന്നതിനാൽ ഇൗ പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച മന്ത്രി ജി. സുധാകരനെ ഇവിടെ എത്തിച്ചത് ദേവിയുടെ ശക്തികൊണ്ടാണെന്ന് സ്വാഗതപ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞ കാര്യവും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു. ആചാരം മാറിയപ്പോൾ ദേവിയുടെ ശക്തി കൂടുകയാണുണ്ടായത്. ചികിത്സയിലായിരുന്ന സുധാകരനെ ഇവിടെ കൊണ്ടുവരത്തക്ക രീതിയിൽ ദേവി ശക്തിപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ജി. സുധാകരൻ, തോമസ് എെസക്, പി. തിലോത്തമൻ, പ്രീതി നടേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കളക്ടർ എസ്. സുഹാസ്, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രയേഷ്കുമാർ, അഡ്വ. കെ.ടി. മാത്യു, പി. പ്രകാശൻ, എൻ. ഷൈലജ, പി.കെ. ധനേശൻ, എസ്. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.