ആലപ്പുഴ: നവോത്ഥാനത്തിനായി തന്റേടത്തോടെ നിലകൊള്ളുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണയുണ്ടാകുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പിൽഗ്രിം ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിൽ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം.

നവോത്ഥാനം മാതൃകയാക്കിയ ക്ഷേത്രമാണ് കണിച്ചുകുളങ്ങര. ഇവിടുത്തെ ആദ്യ സെക്രട്ടറി ക്രിസ്ത്യൻ സമുദായക്കാരനായിരുന്നു. മാനവസേവയും മാധവസേവയും പറഞ്ഞ് പ്രവർത്തിക്കുന്ന ക്ഷേത്രം. ക്ഷേത്രങ്ങൾ ആത്മീയ കേന്ദ്രത്തിനൊപ്പം ആതുരസേവനങ്ങളായി മാറണം. ഈ ക്ഷേത്രത്തിലെ വരുമാനം ജനങ്ങളുടെ ഉന്നതിക്കുവേണ്ടി നൽകുന്നു. പ്രളയകാലത്ത് പതിനായിരത്തിലധികംപേരെയാണ് ഇവിടെ പാർപ്പിച്ചത്. അതൊക്കെ ഇവിടെ വരുത്തിയ മാറ്റങ്ങളാണ്. പണ്ട് എത്രയോപേരുടെ കണ്ണുനീരാണ് ഇവിടെ വീണിട്ടുള്ളത്. ഉത്സവം അനാചാരമാക്കി മാറ്റിയിരുന്ന കാലം. ആട് വെട്ടും കോഴി വെട്ടും നിറുത്തലാക്കി. ആറാട്ടിന് ആനയെ വേണ്ടെന്ന് വച്ചു. ഒരു ദേവീ കോപവും ഉണ്ടായില്ല. ഞാൻ ചക്കക്കുരുവിനെ പോലെയിരിക്കുന്നു. സംസാരിക്കാൻ കഴിയാത്തതിനാൽ ഈ ചടങ്ങിന് വരാൻ കഴിയില്ലെന്ന് തനിക്ക് കത്ത് തന്ന മന്ത്രി സുധാകരനും ഇവിടെയിരിക്കുന്നു. സുധാകരനെ ഇവിടെ കൊണ്ടുവന്നത് ദേവിയുടെ ശക്തിയാണ്. 54 വർഷമായി ഞാൻ കണിച്ചുകുളങ്ങര പ്രസിഡന്റാണ്. ഇത്രയും സുന്ദരവും ആഹ്ളാദവും നിറഞ്ഞ നിമിഷം ഇതിനുമുമ്പുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.