 നാല് മന്ത്രിമാരുമെത്തി

ആലപ്പുഴ: സ്നേഹവും സന്തോഷവും പങ്കിടാൻ മുഖ്യമന്ത്രി പിണറായി വിജയനും നാല് മന്ത്രിമാരും ഇന്നലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി.

രാവിലെ എട്ടരയോടെയാണ് മുഖ്യമന്ത്രി എത്തിയത്. കണിച്ചുകുളങ്ങര ക്ഷേത്ര മൈതാനത്ത് പിൽഗ്രിം ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി നേരത്തേ അറിയിച്ച പ്രകാരം വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് വരികയായിരുന്നു. വീട്ട് മുറ്റത്ത് കാറിൽ വന്നിറങ്ങിയ മുഖ്യമന്ത്രിയെ ഇരുകൈയും നീട്ടി വെള്ളാപ്പള്ളി സ്വീകരിച്ചു. പത്നി പ്രീതി നടേശനും ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി വരുന്നതിനു മുമ്പേ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എത്തിയിരുന്നു. പിന്നാലെ മന്ത്രിമാരായ ജി. സുധാകരൻ, തോമസ് എെസക്, പി. തിലോത്തമൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവരുമെത്തി.

കൂടിക്കാഴ്ച പതിനഞ്ച് മിനിട്ടോളം നീണ്ടു. മുഖ്യമന്ത്രിയുടേത് സൗഹൃദ സന്ദർശനമായിരുന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവം നടക്കുകയാണ്. അതിനാൽ ആത്മീയ ചിന്തയ്ക്കപ്പുറത്ത് മറ്റൊരു ചിന്തയില്ലെന്നും അദ്ദേഹം പറഞ്ഞു. മകൻ തുഷാർ വെള്ളാപ്പള്ളി വീട്ടിലുണ്ടായിരുന്നില്ല.

ജില്ലയിലെ വിവിധ പരിപാടികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഇന്നലെ നിർവഹിച്ചത്. ഞായറാഴ്ച രാത്രി ആലപ്പുഴ ഗസ്റ്റ് ഹൗസിൽ തങ്ങി ഇന്നലെ രാവിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുകയായിരുന്നു. മൂന്ന് പരിപാടികൾ രാവിലെ ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്ത് കനകക്കുന്നിൽ കുട്ടികളുടെ പാർലമെന്റ് ഉദ്ഘാടനം ചെയ്യാൻ പോയി. ഉച്ചയ്ക്കുശേഷം തിരിച്ചെത്തി രണ്ട് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.