ആശയങ്ങളിലെ നിശ്ചയദാർഢ്യം ,അസാമാന്യമായ ബൗദ്ധിക ശേഷി, ലളിതമായ ജീവിതം...97-ാം വയസ്സിൽഅമേരിക്കയിലെ ഫ്ളോറിഡയിൽ കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൂർ ചിറക്കൽ സ്വദേശി പി.പി. ലക്ഷ്മണൻ മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ച ലക്ഷ്മണൻ പഠന കാലയളവിൽ അപൂർവ്വ പ്രതിഭ പ്രകടമാക്കിയ വിദ്യാർത്ഥിയായിരുന്നു.1922 ഫെബ്രുവരി 15 ന് കണ്ണൂർ ജില്ലയിലെ ചിറയ്ക്കലിൽ അഡ്വ. പി. കണ്ണൻ വക്കീലിന്റെയും ലക്ഷ്മിയുടെയും മകനായാണ് ജനനം. തലശേരി ബ്രണ്ണൻ കോളജിൽ നിന്നും ബിരുദം നേടിയശേഷം ചെന്നൈ ലയോള കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ സ്വർണമെഡലോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തുടർന്ന് പ്രശസ്തമായ ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് നേടുകയും കോർണൽ സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ തന്നെ മറ്റൊരു പി.ജി കൂടി നേടുകയും ചെയ്തു.
പഠന മികവനുസരിച്ച് മികച്ച ജോലിയിൽ പ്രവേശിക്കാമായിരുന്നെങ്കിലും സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടുകയായിരുന്നു ലക്ഷ്മണൻ. കർണാടകത്തിലെ ബെല്ലാരിയിലുള്ള ആലിപ്പൂർ ജയിലിലായിരുന്നു ജയിൽവാസം.
ജവഹർലാൽ നെഹ്റുവിന്റെ കീഴിൽ അലഹബാദിലെ സ്വരാജ് ഭവനിൽ പ്രവർത്തിച്ചു.അക്കാലയളവിൽ മഹാത്മഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളുമായി ഉറ്റബന്ധം പുലർത്തി.കോൺഗ്രസിൽ ചേർന്ന അദ്ദേഹം സ്വരാജ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഗുൽസാരി ലാൽ നന്ദയുടെ ഉറ്റ അനുയായിയായിരുന്നു.
സ്വന്തം വിവാഹം ലളിതമായ ചടങ്ങുകളോടെ ഡൽഹിയിലെ ആര്യ സമാജത്തിൽ വച്ചാണ് നടത്തിയത്. വധുവും വരനും ഖാദി വസ്ത്രങ്ങളണിഞ്ഞു. മാർഗദർശിയും കേന്ദ്ര മന്ത്രിയുമായ ഗുൽസാരിലാൽ നന്ദയടക്കം എട്ടുപേർ മാത്രമാണ് ക്ഷണിതാക്കളായി പങ്കെടുത്തത്. മുൻ പ്രോവൈസ് ചാൻസലർ ഡോ.എസ്.കെ.രാജഗോപാലിന്റെ സഹോദരി എസ്.കെ. രാജലക്ഷ്മിയാണ് ഭാര്യ. രാജലക്ഷ്മി കേന്ദ്ര നിയമ മന്ത്രാലയത്തിൽ സെക്രട്ടറിയായിട്ടാണ് വിരമിച്ചത് .ഇവർക്ക് രണ്ട് മക്കൾ.ഡോ. നന്ദിത, ഡോ. വന്ദന.ഡോ. മുരളി, ഡോ. സുനിൽ എന്നിവരാണ് മരുമക്കൾ.
ന്യൂഡൽഹിയിൽ കേന്ദ്ര പ്ളാനിംഗ് കമ്മിഷനിൽ ദീർഘകാലം പ്രവർത്തിച്ച ലക്ഷ്മണൻ കോമൺവെൽത്ത് അസൈൻമെന്റിന്റെ ഭാഗമായി ആഫ്രിക്കയിൽ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായും പ്രവർത്തിച്ചു. തുടർന്ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം ന്യൂയോർക്ക് ലൈഫിൽ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. ആത്മീയതയിൽ ആകൃഷ്ടനായ ലക്ഷ്മണൻ ബുദ്ധമതം സ്വീകരിച്ചു. തുടർന്ന് ബുദ്ധമത ആചാര്യനിൽ നിന്ന് സന്യാസ നാമധേയം സ്വീകരിക്കുകയും ചെയ്തു. കേരളത്തിൽ കൽപ്പറ്രയിൽ അദ്ദേഹം ഒരു ധ്യാനകേന്ദ്രവും സ്ഥാപിച്ചു. ഫ്ലോറിഡയിലെ വസതിയിൽ ഈ മാസം 21 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാര ചടങ്ങുകൾ ബുദ്ധമതാചാര പ്രകാരമായിരുന്നു. ബുദ്ധക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും ഹൈന്ദവ ക്ഷേത്രത്തിൽ ശ്രദ്ധാഞ്ജലിയും നടന്നു.
(contact mail: mulkomal@aol.com )
ഫോൺ : 001 954 302 1980