oscar

ലോസ്ഏഞ്ചൽസ്: പ്രേക്ഷക പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് പീറ്റർ ഫരെലിയുടെ 'ഗ്രീൻ ബുക്ക്" 91-ാമത് ഓസ്കാറിൽ മുത്തമിട്ടു. ഗോൾഡൻ ഗ്ലോബിലും ബാഫ്റ്റയിലും തിളങ്ങിയ 'റോമ"യെയും 'ബൊഹേമിയൻ റാപ്സോഡി"യെയും 'ദ ഫേവറിറ്റി"നെയും 'ബ്ലാക്ക് പാന്തറി"നെയും പിന്തള്ളിയാണ് ഗ്രീൻ ബുക്ക് ഇക്കുറി ഓസ്കാർ സ്വന്തമാക്കിയത്. വംശവെറിയുടെ ലോകത്തു നിന്ന് ഓടിയൊളിക്കാൻ ഒരു ഇറ്റാലിയൻ ബൗൺസറിന്റെ സഹായത്തോടെ ദീർഘയാത്ര ചെയ്യുന്ന ഡോ. ഡൊണാൾഡ് ഷെർലി എന്ന ആഫ്രിക്കൻ പിയാനിസ്റ്റിന്റെ കഥ പറഞ്ഞ ഗ്രീൻ ബുക്ക് മികച്ച ചിത്രമടക്കം മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കും മികച്ച സഹനടനുമുള്ള പുരസ്കാരവും ഗ്രീൻ ബുക്ക് നേടി.

ഗായകനും പിയാനിസ്റ്റുമായിരുന്ന ഫ്രെഡി മെർക്കുറിയുടെ ജീവിതം പകർത്തിയ ബൊഹേമിയൻ റാപ്സോഡി നാല് പുരസ്കാരങ്ങളുമായി ഓസ്കാറിൽ തിളങ്ങി. ഫ്രെഡി മെർക്കുറിയായി വേഷമിട്ട റെമി മലെക് മികച്ച നടനായപ്പോൾ മികച്ച എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ്, സൗണ്ട് മിക്‌സിംഗ് എന്നിവയും റാപ്സോഡി സ്വന്തമാക്കി. ദി ഫേവറിറ്റിലെ അഭിനയത്തിന് ഒലിവിയ കോൾമാൻ മികച്ച നടിയായി. മെക്സിക്കൻ ചിത്രം റോമയുമായെത്തിയ അൽഫോൺസോ ക്യുവറോണാണ് മികച്ച സംവിധായകൻ. ഏഴ് നോമിനേഷനുകളുമായെത്തിയ ബ്ലാക്ക് പാന്തർ മികച്ച വസ്ത്രാലങ്കാരം, ഒറിജിനൽ സ്‌കോർ, പ്രൊഡക്‌ഷൻ ഡിസൈൻ എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി.

ഉത്തർപ്രദേശിലെ ഹോപുരിലെ സ്ത്രീകളുടെ ആർത്തവ പ്രശ്‌നങ്ങളെ വിഷയമാക്കിയ 'പിരിയ

ഡ് എൻഡ് ഒഫ് സെന്റൻസ്" മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

ഫ്രെഡി മെർക്കുറിയെന്ന 'ഇന്ത്യൻ ഉന്മാദി "

ലോകപ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡായ ക്വീനിലെ ഗായകനും പിയാനിസ്റ്റുമായിരുന്നു ഫ്രെഡി മെർക്കുറി. ഗുജറാത്തിൽ നിന്നുള്ള പാഴ്സി കുടുംബത്തിൽ നിന്നുള്ളവരായിരുന്നു ഫ്രെഡിയുടെ മാതാപിതാക്കൾ. സംഗീതം പോലെ സങ്കീർണമായിരുന്ന അദ്ദേഹത്തിന്റെ ജീവിതമാണ് ബൊഹേമിയൻ റാപ്‌സഡി അനാവരണം ചെയ്യുന്നത്. ഫ്രെഡി മെർക്കുറി അനശ്വരമാക്കിയ ‘ബൊഹേമിയൻ റാപ്‌സഡി’ എന്ന ഗാനത്തിന്റെ പേരു തന്നെയാണ് ചിത്രത്തിനും നൽകിയത്. സാമ്പ്രദായികമായ സംഗീത വ്യവസായത്തെയും പാട്ടെഴുത്തിനെയും പൊളിച്ചെഴുതിയ ഫ്രെഡി മെർക്കുറിയുടെ വ്യക്തി ജീവിതവും ഏറെ വിവാദമായിരുന്നു. താൻ സ്വവർഗാനുരാഗിയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വേദികളിൽ പെൺ വേഷം കെട്ടി എത്തി ലിംഗ ദ്വന്ത്വങ്ങളെ പൊളിച്ചെഴുതി. എയിഡ്സ് ബാധിച്ച് മരിച്ച ആദ്യ റോക്സ്റ്റാർ കൂടിയാണ് ഫ്രെഡി മെർക്കുറി.

ആർത്തവത്തെ ആഘോഷമാക്കി ഓസ്കാർ

ഇന്ത്യൻ സ്ത്രീയുടെ ജീവിതത്തിലേക്ക് ആർത്തവം വച്ചു നീട്ടുന്ന അരുതുകളെ തൂത്തെറിയുന്ന

'പിരിയഡ് എൻഡ് ഒഫ് സെന്റൻസ്" 91-ാമത് ഓസ്കാർ വേദിയിലെ ആഘോഷമായി. ഉത്തർപ്രദേശിലെ ഹോപുരിലെ സ്ത്രീകളുടെ ആർത്തവ പ്രശ്‌നങ്ങളെ വിഷയമാക്കിയ ചിത്രം മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള ഓസ്കാർ സ്വന്തമാക്കി. പ്രമുഖ സംവിധായിക റയ്‌ക സെഹ്‌താബ്‌ജിയുടെ സംവിധാനത്തിൽ ഇന്ത്യക്കാരിയായ ഗുനീത് മോങ്ക നിർമ്മിച്ച ചിത്രം ആർത്തവ പ്രശ്‌നങ്ങളും പാഡ് പ്രോജക്ടും വിഷയമാക്കുന്നു. ആർത്തവം കാരണം സ്‌കൂൾ പഠനം അവസാനിപ്പിക്കുന്ന ഹോപുരിലെ ഒരു കൂട്ടം സ്ത്രീകൾ ചെലവ് കുറഞ്ഞ സാനിറ്ററി പാഡ് നിർമ്മാണയന്ത്രം ഉണ്ടാക്കുന്നതാണ് ഇരുപത്തിയാറ് മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ പശ്ചാത്തലം.