പാകിസ്ഥാൻ: സമാധാനം പുലരാൻ ഒരു അവസരം കൂടി നൽകണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ വിശ്വസനീയമായ തെളിവുകൾ നൽകാൻ ഇന്ത്യ തയ്യാറാണെങ്കിൽ നടപടിയെടുക്കുമെന്നും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും ഇമ്രാൻ വ്യക്തമാക്കി. പാകിസ്ഥാനെ ആഗോളമായി ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിൽ ഭയന്നാണ് ഇമ്രാൻ ഖാൻ നിലപാടിൽ അയവുവരുത്തുന്നത്.
ഇന്ത്യ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇമ്രാൻ ഖാന്റെ പരാമർശം. ഭീകരതയും ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാൻ ഒരുമിച്ച് പോരാടാം എന്ന വാഗ്‌ദാനം ഇമ്രാൻ ലംഘിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാകിസ്ഥാനുമായി ചർച്ചകളുടെ ഘട്ടം കഴിഞ്ഞെന്നും ഇനി തിരിച്ചടിയാണ് വേണ്ടതെന്നും മോദി വ്യക്തമാക്കിയിരുന്നു.
പുൽവാമ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനാണെന്ന ഇന്ത്യയുടെ വാദത്തെ ഇമ്രാൻ ശക്തമായി എതിർത്തിരുന്നു. തെളിവുകൾ ഹാജരാക്കാതെ പാകിസ്ഥാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നായിരുന്നു ഇമ്രാന്റെ വാദം.