കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽനിന്നു ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പിൻമാറി. കേസ് പിൻവലിക്കുന്നതിനായി കോടതിയിൽ അപേക്ഷ നൽകുമെന്ന് സുരേന്ദ്രൻ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട സാക്ഷികൾ ഹാജരാവുന്നതിന് സി.പി.എമ്മും മുസ്ലീം ലീഗും ഒത്തുകളിച്ചെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേസ് വിജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു പിൻവലിച്ചത്. സാക്ഷികളെ സിപിഎമ്മും മുസ്ലിം ലീഗും ചേർന്ന് ഇല്ലാതാക്കി. 67 സാക്ഷികളുണ്ടെങ്കിൽ മാത്രമേ കേസ് ജയിക്കാനാകൂ. ഉപതിരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധിയെ കണ്ടെത്തണമെന്നാണു ജനങ്ങളുടെ ആഗ്രഹം. അതിനായാണ് കേസ് പിൻവലിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം കേസ് പിൻവലിച്ചതോടെ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിനുള്ള സാദ്ധ്യതയേറി.
89 വോട്ടുകൾക്കു തന്നെ പരാജയപ്പെടുത്തിയ പി.ബി.അബ്ദുൽ റസാഖ് എം.എൽ.എയ്‌ക്കെതിരെ സുരേന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബർ 20നാണു റസാഖ് മരിച്ചത്. പി.ബി.അബ്ദുൽ റസാഖ് മരിച്ച പശ്ചാത്തലത്തിൽ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. എന്നാൽ കേസിൽനിന്നു പിന്മാറാനില്ലെന്ന നിലപാടാണ് നേരത്തെ സുരേന്ദ്രൻ അറിയിച്ചിരുന്നത്. അബ്ദുൽ റസാഖിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണു സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.