കാഞ്ഞങ്ങാട്∙ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകക്കേസിലെ മുഖ്യപ്രതി പീതാംബരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് മർദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുറ്റം സമ്മതിപ്പിച്ചതെന്നും പീതാംബരൻ കോടതിയിൽ ബോധിപ്പിച്ചു. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണു പീതാംബരൻ കുറ്റം നിഷേധിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനാണ് തന്നെ നിർബന്ധിപ്പിച്ച് കുറ്റം സമ്മിതിപ്പിച്ചതെന്ന് പീതാംബരൻ മജിസ്ടേട്ടിന്റെ ചോദ്യത്തിന് മറുപടി നൽകി. കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്നാണ് പീതാംബരൻ അടക്കമുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. പീതാംബരനേയും രണ്ടാം പ്രതിയായ സജി സി.ജോർജിനേയും ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം അടുത്ത ദിവസം തന്നെ ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരംഭിക്കും.
കഞ്ചാവു ലഹരിയിലാണു കൊലപാതകം നടത്തിയതെന്ന് പീതാംബരൻ നേരത്തേ പൊലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത പീതാംബരൻ കഞ്ചാവുലഹരിയിൽ കൊല്ലുമെന്നു കരുതുന്നില്ലെന്നായിരുന്നു വീട്ടുകാർ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ശരത്‌ലാലിനെയും കൃപേഷിനെയും ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്നത് സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ സജി ജോർജായിരുന്നു. ഇന്റർലോക്ക് സ്ഥാപന ഉടമയായ ഇയാൾ വേറെയും കേസുകളിൽ പ്രതിയാണ്.