india

മുംബയ്: ഇംഗ്ലണ്ടിനെതിരായ വനിതാ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. ഇന്നലെ നടന്ന രണ്ടാം ഏകദിനത്തിൽ 7 വിക്കറ്റിന്റെ വിജയം നേടിയാണ് മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ഇന്ത്യ ഒരു മത്സരം ശേഷിക്കെ 2-0ത്തിന് സ്വന്തമാക്കിയത്.അദ്യ മത്സരത്തിൽ ഇന്ത്യ 66 റൺസിന് ജയിച്ചിരുന്നു.

ഇന്നലെ നടന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 43.3 ഓവറിൽ 161 റൺസിന് ആൾഒൗട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 41.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (162/3).

ജമൈമ റോഡ്രിഗസ് (0)​ അനിയ ഷ്രുബ്സോളിന്റെ പന്തിൽ ആമി ജോൺസിന് ക്യാച്ച് നൽകി തുടക്കത്തിലേ മടങ്ങിയെങ്കിലും മികച്ച ഫോം തുടരുന്ന സ്‌മൃതി മന്ദാന (63)​ അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. 7 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് മന്ദാനയുടെ ഇന്നിംഗ്സ്. ക്യാപ്ടൻ മിഥാലി രാജ് പുറത്താകാതെ 47 റൺസ് നേടി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 69 പന്തിൽ നിന്ന് 8 ഫോറുൾപ്പെട്ടതാണ് മിഥാലിയുടെ ഇന്നിംഗ്സ്. 32 റൺസെടുത്ത പൂനം റാവത്തും ഇന്ത്യൻ വിജയത്തിൽ ബാറ്ര് കൊണ്ട് നിർണായക സംഭാവന നൽകി. 6 റൺസുമായി ദീപ്തി ശർമ്മ പുറത്താകാതെ നിന്നു. ഷ്രുബ്സോൾ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 4 വിക്കറ്റ് വീതം വീഴ്ത്തിയ പേസർമാരായ ജുലൻ ഗോസ്വാമിയും ശിഖാ പാണ്ഡേയും ചേർന്നാണ് ചുരുട്ടിക്കെട്ടിയത്. പൂനം യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. 85 റൺസെടുത്ത നഥാലി സ്കൈവർക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ച് നിൽക്കാനായുള്ളൂ.109 പന്തിൽ 12 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് സ്കൈവറുടെ ഇന്നിംഗ്സ്. സ്കൈവറെക്കൂടാതെ ബ്യൂമൗണ്ടിനും (20)​,​വിൻഫീൽഡിനും (28)​ മാത്രമേ ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ.