കാസർകോട്: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്ന് പിന്മാറിയതോടെ അവസാനിക്കുന്നത് മൂന്നുവർഷത്തെ നിയമപോരാട്ടം. കേസിൽ നിന്ന് പിന്മാറുന്നതായി ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും സി.പി.എമ്മും മുസ്ലിംലീഗും സാക്ഷികളെ ഹാജരാക്കാതെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കേസിലെ എതിർകക്ഷിയായ മുസ്ളിംലീഗിലെ പി.ബി അബ്ദുൽ റസാഖ് എം.എൽ.എ മരമണടഞ്ഞതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും, കേസിൽ നിന്നു പിന്മാറുന്ന കാര്യം പാർട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ചുവരികയാണെന്ന് സുരേന്ദ്രൻ ഈയിടെ പറഞ്ഞിരുന്നു. കേസ് നടപടിക്രമങ്ങൾ തുടരുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നതിന് തടസ്സമാകുമെന്നതു കൊണ്ടാണ് സുരേന്ദ്രന്റെ പിന്മാറ്റം.
ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കേസ് നിലവിലുള്ളതിനാൽ യു.ഡി.എഫ്, മുസ്ലിംലീഗ് നേതൃത്വവും ഈ അവസ്ഥയിലായിരുന്നു. പി.ബി അബ്ദുൽ റസാഖിന്റെ നിര്യാണത്തെ തുടർന്ന് മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഹൈക്കോടതി വിധിയോ നിരീക്ഷണമോ അന്തിമമായി ഉണ്ടാകാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കഴിയാത്ത സാങ്കേതിക കുരുക്കിലുമായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 20- നായിരുന്നു അബ്ദുൽ റസാഖിന്റെ നിര്യാണം.
2016-ലെ നിയയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി.ബി അബ്ദുൽ റസാഖ് കെ സുരേന്ദ്രനെ തോൽപ്പിച്ചത്. ഈ വിജയം ചോദ്യംചെയ്താണ് 2016 ജൂലായ് 25-ന് സുരേന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. കള്ളവോട്ട് ചെയ്ത 69 സാക്ഷികളെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ ഇവരുടെ പട്ടികയും കൈമാറിയിരുന്നു. ഇതിൽ പലരും കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തി. ഇവരെ ഹാജരാക്കാൻ ഹൈക്കോടതി ഉദ്യോഗസ്ഥന്മാരെ മഞ്ചേശ്വരത്തേക്ക് അയച്ചു. സാക്ഷികളിൽ പലരും വിദേശത്തായിരുന്നു. എം.എൽ.എ അന്തരിച്ചതോടെ കേസ് തുടരണോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ആരാഞ്ഞപ്പോൾ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടത്.
ബി.ജെ.പിക്കൊപ്പം മുസ്ലിംലീഗും മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പും നടക്കാൻ സാധ്യതയേറി.
.