hindu-mahasabha-

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഗാന്ധിജിയുടെ ചിത്രത്തിലേക്കു പ്രതീകാത്മകമായി വെടിയുതിർത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാ ശകുൻ പാണ്ഡെയ്ക്ക് ഹിന്ദു മഹാസഭയുടെ ആദരവ്. പൂജയുടെ ഭർത്താവും ഹിന്ദു മഹാ സഭാ വക്താവുമായ അശോക് പാണ്ഡെയും ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി.

ഹിന്ദുമഹാസഭാ ദേശീയ അദ്ധ്യക്ഷൻ ചന്ദ്രപ്രകാശ് കൗശികിന്റെ നേത്യത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഭഗവത് ഗീതയുടെ പതിപ്പും വാളും നൽകിയാണ് പൂജാ ശകുൻ പാണ്ഡെയെ ആദരിച്ചത്. ഹിന്ദുസഭ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യത്തെ ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജിയുമാണ് പൂജ ശകുൻ പാണ്ഡെ. ഗോഡ്‌സെയുടെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും യാഥാർത്ഥ്യം വിദ്യാർത്ഥികൾ മനസിലാക്കണമെന്നും ഹിന്ദുമഹാസഭയുടെ ആദരം ഏറ്റുവാങ്ങി പൂജ പാണ്ഡെ പറഞ്ഞു. 30 പേരെയാണ് സംഘടന ആദരിച്ചത്.

അലിഗഡ് പൊലീസ് ജയിലിലടച്ച ഞങ്ങളുടെ നേതാക്കളേയും പ്രവർത്തകരേയും ആദരിച്ചു. ഞങ്ങൾക്ക് ജാമ്യം കിട്ടാൻ സഹായിച്ച അഭിഭാഷകനേയും ആദരിച്ചു. ഏത് പ്രതിസന്ധിയിലും ഞങ്ങൾക്കൊപ്പം ഉറച്ചുനിന്നവരേയും ഈ വേദിയിൽ ആദരിച്ചു. ഇന്നത്തെ ചടങ്ങ് പൊലീസ് വീഡിയോയിൽ പകർത്തിയതുകൊണ്ടൊന്നും ഞങ്ങൾക്ക് ഭയമില്ലെന്നും അശോക് പാണ്ഡെ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഗാന്ധി ചിത്രത്തിലേക്ക് പൂജ പാണ്ഡെ വെടിയുതിർക്കുകയായിരുന്നു. ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയിൽ പൂജ പാണ്ഡെ മാല അണിയിക്കുകയും ചെയ്തു.

സംഭവം വിവാദമായതിനെതുടർന്ന് ഫെബ്രുവരി ആറിന് പൂജ പാണ്ഡെയെയും അശോക് പാണ്ഡെയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി.