ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കൈകോർത്ത അഖിലേഷ് - മായാവതി സഖ്യം ഉത്തരാഘണ്ഡിലും മദ്ധ്യപ്രദേശിലും തുടരും. മദ്ധ്യപ്രദേശിൽ എസ്.പി മൂന്ന് സീറ്റിലും ശേഷിക്കുന്ന 26 സീറ്റിൽ ബി.എസ്.പിയും മത്സരിക്കും. ഉത്തരാഘണ്ഡിൽ സമാജ്‌വാദി ഒരു സീറ്റിലും ബി.എസ്.പി നാല് സീറ്റിലും മത്സരിക്കും. ഉത്തർ പ്രദേശിൽ 38 സീറ്റുകളിൽ ബി.എസ്.പിയും 37 സീറ്റുകളിൽ എസ്.പിയും മത്സരിക്കുമെന്ന് മായാവതിയും അഖിലേഷ് യാദവും നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു.മൂന്ന് സംസ്ഥാനങ്ങളിലും ബി.എസ്.പിക്കാണ് കൂടുതൽ സീറ്റുകൾ നൽകിയിരിക്കുന്നത്. കൂടുതൽ സീറ്റുകൾ ബി.എസ്.പിക്ക് നൽകിയതിൽ സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോൺഗ്രസുമായി സഖ്യമില്ലെന്ന് എസ്.പിയും ബി.എസ്.പിയും നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം യു.പിയിൽ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുൽ ഗാന്ധി മത്സരിച്ച അമേത്തിയിലും മത്സരിക്കാനില്ലെന്നും മായാവതി - അഖിലേഷ് സഖ്യം വ്യക്തമാക്കിയിട്ടുണ്ട്.
ബി.ജെ.പിക്കെതിരായ മഹാ സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ് നീക്കങ്ങൾക്ക് യു.പിയെ കൂടാതെ ഡൽഹിയിലും ബംഗാളിലും തിരിച്ചടി നേരിട്ടിരുന്നു. പിന്നാലെയാണ് മദ്ധ്യപ്രദേശിലും ഉത്തരാഘണ്ഡിലും മഹാസഖ്യനീക്കം തിരിച്ചടി നേരിടുന്നത്. ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസിനെതിരെ സി.പി.എമ്മിനൊപ്പം ചേർന്നാകും കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. ഡൽഹിയിൽ സഖ്യ ചര്‍ച്ചയിഷൽ നിന്ന് കോൺഗ്രസ് പിൻമാറിയതായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ അറിയിച്ചിരുന്നു.