ആലപ്പുഴ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കാൻ അദാനി മാത്രം വിചാരിച്ചാൽ നടക്കില്ലെന്ന് മുഖ്യമന്ത്രി. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നഗരപാതാ വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരാണ് വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുത്തു നൽകേണ്ടത്. സർക്കാരിനെ ശത്രുപക്ഷത്താക്കി തങ്ങൾ വിജയശ്രീലാളിതരായിരിക്കുന്നു എന്നമട്ടിൽ അദാനി വന്നാൽ സർക്കാർ വഴങ്ങിക്കൊടുക്കുമെന്ന് അദാനി പോലും കരുതുന്നുണ്ടാവില്ല. ഇത്തരം കാര്യങ്ങൾ വിമാനത്താവള വികസനത്തെ തടസപ്പെടുത്തും. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാനത്തെ ഏല്പിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ അനുവദിച്ചില്ല.

ഒരു നാടകത്തിലൂടെ വിമാനത്താവളങ്ങൾ അദാനിയെ ഏല്പിക്കുകയും അതിന് ബിഡ്ഡിംഗ് എന്ന് പേരിടുകയുമാണുണ്ടായത്. വിചിത്രമായ കാര്യങ്ങളിലൂടെയാണ് ഈ കൈമാറ്റം നടന്നത്. ലേലത്തിൽ വച്ച ആറിൽ അഞ്ചു വിമാനത്താവളങ്ങൾ ഒരാൾക്കു തന്നെ ലഭിക്കുമ്പോൾ പുറത്തുനിന്ന് നോക്കുന്നവർക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കളക്ടർ എസ്. സുഹാസ്, ആർ. നാസർ തുടങ്ങിയവർ സംസാരിച്ചു.