mamtha-

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. പുൽവാമ ആക്രമണം ചെറുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ ജവാൻമാരുടെ ജീവൻ വച്ച് പ്രധാനമന്ത്രി രാഷ്ട്രീയം കളിച്ചതാണെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കൊൽക്കത്തയിൽ സംഘടിപ്പിച്ച കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത.

രാജ്യം ഭരിക്കുന്നത് സ്വേച്ഛാധിപത്യ സർക്കാരാണ്. പുൽവാമ ഭീകരാക്രമണത്തെ പറ്റി മോദി സർക്കാരിന് അറിവുണ്ടായിരുന്നു. അവിടെ ഇന്റലിജൻസ് സേവനം ലഭ്യമാണ്. പിന്നെ എന്തുകൊണ്ട് സർക്കാർ സൈനികരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയില്ല. രാഷ്ട്രീയം കളിക്കുന്നതിനുവേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുമമതാ ബാനർജി പറഞ്ഞു.

നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ 42 സീറ്രുകൾ നേടും. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി യുദ്ധക്കൊതി തീർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. വളരെ വിചിത്രമായ രീതിയിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് കേന്ദ്ര മന്ത്രിമാർ അറിയാതെയാണ്. രണ്ട് സഹോദരങ്ങളാണ് ഈ സർക്കാരിനെ കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രി മോദിയും ദേശിയ അദ്ധ്യക്ഷൻ അമിത് ഷായും. അവരുടെ കൈകളിൽ സത്യസന്ധരുടെ രക്തം പുരണ്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.