ബംഗളൂരു: യൂബർ ടെക്‌നോളജീസിന് കീഴിലുള്ള ഫുഡ് ഡെലിവറി ആപ്പായ യൂബർ ഈറ്ര്‌സിനെ, ഈ രംഗത്ത് കമ്പനിയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി ഏറ്റെടുത്തേക്കും. സ്വിഗ്ഗിയുടെ ഉടമസ്ഥരായ ബംഗളൂരു ആസ്ഥാനമായുള്ള ബൻഡ്‌ൽ ടെക്‌നോളജീസുമായി യൂബർ ചർച്ച നടത്തിയിരുന്നു. ഏറ്രെടുക്കൽ സംബന്ധിച്ച അന്തിമതീരുമാനം മാർച്ച് ആദ്യമുണ്ടാകുമെന്നാണ് അറിയുന്നത്.
അതേസമയം, ഇരുകമ്പനികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള യൂബർ 2017ലാണ് ഇന്ത്യയിൽ ഫുഡ് ഡെലിവറി രംഗത്തേക്ക് കടന്നത്. 37 ഇന്ത്യൻ നഗരങ്ങളിലാണ് കമ്പനിക്ക് സാന്നിദ്ധ്യം. സ്വിഗ്ഗിയ്ക്ക് 80 നഗരങ്ങളിലായി 60,000 റെസ്‌റ്രോറന്റുകളുമായി സഹകരണമുണ്ട്. ഈ രംഗത്തെ മറ്റൊരു ഇന്ത്യൻ കമ്പനിയായ സൊമാറ്റോയ്ക്ക് 150 നഗരങ്ങളിൽ സാന്നിദ്ധ്യമുണ്ട്. 80,000 റെസ്‌റ്രോറന്റുകളാണ് സൊമാറ്റോയ്ക്കൊപ്പമുള്ളത്. സൊമാറ്രോ, സ്വിഗ്ഗി എന്നിവയിൽ നിന്നുയർന്ന കനത്ത വെല്ലുവിളിയാണ് ഇന്ത്യയിൽ നിന്ന് പിന്മാറാൻ യൂബർ ഈറ്ര്‌സിനെ നിർബന്ധിതരാക്കുന്നതെന്നാണ് സൂചന.