ഇറ്റാനഗർ: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അരുണാചൽ പ്രദേശ് സ്വദേശികളല്ലാത്ത ആറ് സമുദായങ്ങൾക്ക് സ്ഥിരതാമസ സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറി. തീരുമാനം ചീഫ് സെക്രട്ടറി ഉത്തരവായി പുറത്തിറക്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിപ്പടർന്നതോടെ ഭാവിയിൽ സ്ഥിരതാമസ സർട്ടിഫിക്കറ്റ് നൽകാനുള്ള ശ്രമമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി. വെള്ളിയാഴ്ച തുടങ്ങിയ പ്രക്ഷോഭം അക്രമാസക്തമായതോടെയാണ് സ്ഥിരതാമസ സർട്ടിഫിക്കറ്റ് തീരുമാനത്തിൽ നിന്ന് അരുണാചൽ സർക്കാർ പിൻമാറിയത്. ജനങ്ങള്‍ ശാന്തരാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
അരുണാചൽ പ്രദേശിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന സ്വദേശികളല്ലാത്ത ആറ് സമുദായങ്ങളെ സ്ഥിരതാമസക്കാരായി പരിഗണിക്കാനുള്ള ഉന്നതാധികാര സമിതി ശുപാർശ അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവും വ്യക്തമാക്കി. കോൺഗ്രസാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്നതെന്നും റിജിജു കുറ്റപ്പെടുത്തി. പ്രശ്നം ചർച്ച ചെയ്യാൻ ഇന്നലെ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചെങ്കിലും പ്രതിപക്ഷം സഹകരിച്ചില്ല. തലസ്ഥാനമായ ഇറ്റാനഗറിലടക്കം അക്രമാസക്തമായ പ്രക്ഷോഭത്തിൽ പൊലീസ് വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
ഞായറാഴ്ച പ്രക്ഷോഭകർ ഉപമുഖ്യമന്ത്രി ചോവ്ന മേയിന്റെ സ്വകാര്യ വസതിക്ക് തീയിട്ടു. ഇവിടെ പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തിക്കുകയും ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തു.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ സ്വകാര്യ വസതിക്കു മുന്നിൽ പ്രക്ഷോഭകർ തടിച്ചുകൂടുകയും ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ സുരക്ഷാ സേന ഇടപെട്ട് തടയുകയായിരുന്നു.