ന്യൂഡൽഹി: പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും അതിന്റെ ഉടമയെയും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തിരിച്ചറിഞ്ഞു.
ആക്രമണം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് സാജദ് ഭട്ട് എന്ന ജയ്ഷെ ഭീകരൻ വാങ്ങിയ മാരുതി ഇകോ കാറാണ് ആക്രമണത്തിന് ചാവേർ ബോംബായി ഉപയോഗിച്ചതെന്നാണ് അന്വേഷണ ഏജൻസിയുടെ നിഗമനം.
സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ചാവേർ ആദിൽ അഹമ്മദ് ദർ ഓടിച്ചുകയറ്റിയ കാറിന്റെ അവശിഷ്ടങ്ങൾ സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിരുന്നു. എൻ.ഐ.എ ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്‌ദരും ഓട്ടോമൊബൈൽ വിദഗ്‌ദരും ചേർന്നു നടത്തിയ പരിശോധനയിലാണ് വാഹനം മാരുതി ഇകോയാണെന്ന് തിരിച്ചറിഞ്ഞത്.
അനന്ത്‌നാഗ് ജില്ലയിലെ ബിജിബെഹറയ്ൻ സ്വദേശി സാജദ് ഭട്ടാണ് ഇതിന്റെ ഉടമയെന്നും എൻ.ഐ.എ ഔദ്യോഗിക വക്താവ് അറിയിച്ചു. സാജദ് ഭട്ട് ജയ്‌ഷെ മുഹമ്മദിൽ ചേർന്നിരുന്നു. ആയുധങ്ങളുമായി നിൽക്കുന്ന ഇയാളുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നെന്നും എൻ.ഐ.എ അറിയിച്ചു.
2011ൽ അനന്ത്‌നാഗ് സ്വദേശി മുഹമ്മദ് ജലീല്‍ അഹമദ് ഹഖാനി എന്നയാൾ വിറ്റ വാഹനം ഏഴോളം പേർ കൈമാറി ഒടുവിലാണ് സാജദ് ഭട്ടിന്റെ കൈയിലെത്തിയത്. ഫെബ്രുവരി നാലിനാണ് ഇയാൾ കാർ സ്വന്തമാക്കിയത്. ഇയാൾ ഷോപ്പിയാനിലെ സിറാജുൾ ഉലൂമിലെ വിദ്യാർത്ഥിയാണെന്നും എൻ.ഐ.എ അറിയിച്ചു.
ശനിയാഴ്ച എൻ.ഐ.എ സംഘവും പൊലീസും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സജാദ് ഭട്ടിനെ കണ്ടെത്താനായിരുന്നില്ല.
ഫെബ്രുവരി 14നാണ് സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ ആർ.ഡി.എക്‌സ് നിറച്ച വാഹനം ഓടിച്ചുകയറ്റി ചാവേർ ആക്രമണം നടത്തിയത്.